റെജി ജോസഫ്
അത്യപൂർവമായ കാഴ്ചയ്ക്ക് കേരളം കണ്ണുതുറന്നിരിക്കുന്നു. തുളുന്പാറായ നിറകുടം പോലെ നിൽകുന്ന ചെറുതോണി അണക്കെട്ട് ഏതു നിമിഷവും തുറക്കാൻ വൈദ്യുതി ബോർഡ് യുദ്ധകാല സന്നാഹം ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ വൈദ്യുതിയുടെ പ്രഭവകേന്ദ്രം എന്നു പറയാവുന്ന ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകൾ ചേർന്നതാണ്- ഇടുക്കി, ചെറുതോണി, കുളമാവ്. ഉയരത്തിൽ വലുത് ഇടുക്കിയാണെങ്കിലും അടുത്തുള്ള ചെറുതോണി അണക്കെട്ടിനാണ് സ്പിൽവെ അഥവാ ഷട്ടറുകളുള്ളത്.
2403 അടിയാണ് ഇവിടെ പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ ജലനിരപ്പ് 136അടി കവിഞ്ഞിരിക്കുന്നതിനാൽ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ചെറുതോണി ഡാം തുറന്നേക്കാം. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണ് 2403 അടി. ഇടുക്കി അണക്കെട്ടിന് 169 മീറ്ററും ചെറുതോണിക്ക് 134 മീറ്ററും കുളമാവിന് 100 മീറ്ററുമാണ് ഉയരം.ചെറുതോണി അണക്കെട്ടിന്റെ ഉരുക്കു ഷട്ടറുകളിൽ ഒന്നോ രണ്ടോ മൂന്നോ എണ്ണം മാത്രം അൽപം ഉയർത്താനേ ഇടയുള്ളുവെങ്കിലും അതൊരു വിസ്മയമായിരിക്കും.
അതേ സമയം പുറംതള്ളുന്ന വെള്ളം ഇടുക്കി ജില്ലയിൽനിന്നും എറണാകുളം ജില്ലയിലെ കാലടി വഴി ആലുവയിലെത്തും വരെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയാണ് ഉറപ്പാക്കേണ്ടത്. മുൻകാലങ്ങളിലേതു പോലെയല്ല ആലുവ, കാലടി പ്രദേശങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളേറെയുണ്ട്. നദീതീരത്ത് വീടുകളുടെയും കെട്ടിടങ്ങളുടെയും താമസക്കാരുടെയും എണ്ണവും വർധിച്ചു. നെടുന്പാശേരി വിമാനത്താവളം പോലെ സുപ്രധാന സംരംഭങ്ങളും ഇന്ന് പെരിയാറിനടുത്തുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമാണ് ഇടുക്കി. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന് കുറുകെ പണിതീർത്ത വിസ്മയം. ഇതിനൊപ്പം കൈവഴിയായ ചെറുതോണിപ്പുഴയ്ക്കു കുറുകെ ചെറുതോണി അണക്കെട്ടും പണിതീർത്തിരിക്കുന്നു.
കിലോമീറ്ററുകൾ അകലെ ഒഴുകുന്ന കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കുന്നതിന് കുളമാവിലും അണക്കെട്ടു നിർമിച്ചു. ചെറുതോണി മുതൽ കുളമാവ് വരെ 60 കിലോമീറ്റർ ചുറ്റവിൽ സംഭരിച്ചിരിക്കുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ തുറന്നു വിടുന്പോൾ നുരഞ്ഞുപൊന്തി വരുന്ന നീർച്ചാലും പിന്നാലെ കുത്തിയൊഴുകി വരുന്ന വെള്ളച്ചാട്ടവും അപൂർവ കാഴ്ചയാകും.
സുരക്ഷയുടെ കാര്യത്തിൽ മധ്യകേരളം മുഴുവൻ ജാഗ്രത പുലർത്താൻ സർക്കാർ നിർദേശമുണ്ട്. റവന്യൂ, വനം, പോലീസ്, ഫയർ തുടങ്ങി എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കിവരികയാണ്. ഇതിനൊപ്പം ജനങ്ങളെ നിയന്ത്രിക്കാനും സുരക്ഷിതമാക്കാനും അവശ്യ സാഹചര്യം നേരിടാനുമുള്ള തന്ത്രപ്രധാനമായ ഒരുക്കങ്ങളും.
നിർമാണം പൂർത്തിയാക്കി 46 വർഷത്തിനിടെ രണ്ടു തവണ മാത്രമെ വിസ്മയക്കാഴ്ചയായി ചെറുതോണി അണക്കെട്ട് തുറന്നിട്ടുള്ളു. 1981 ഒക്ടോബറിലും 1992 ഒക്ടോബറിലും തുലാവർഷം കനത്തപ്പോഴായിരുന്നു ആ തുറക്കൽ. 26 വർഷത്തിനു ശേഷമാണ് വീണ്ടും തുറക്കേണ്ട അടിയന്തര സാഹചര്യത്തിലേക്ക് എത്തുന്നത്.
ഇത്തവണ കാലവർഷത്തിൽതന്നെ തുറക്കേണ്ടിവന്നിരിക്കുന്നു എന്നതാണ് പുതുമ. തുംഗഭദ്ര സ്റ്റീൽ കന്പനി നിർമിച്ച അഞ്ച് ഉരുക്കു ഷട്ടറുകളാണ് ചെറുതോണി ഡാമിനു മുകളിലുള്ളത്. ഷട്ടർ ഒാരോന്നിനും 40 അടി നീളവും 60 അടി ഉയരവുമുണ്ട്. ഒരു ഷട്ടർ രണ്ടടി ഉയർത്തിയാൽ സെക്കൻഡിൽ 1200 ഘനയടി വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകൾക്കും ഇത് യന്ത്ര സജ്ജീകരണത്തിൽ ഉയർത്താനുള്ള ഉരുക്കു വടത്തിനും ഗ്രീസ് പൂശി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുന്നു.
ഷട്ടർ ഉയർത്താൻ സെക്കൻഡുകളുടെ സമയം മതിയെന്നാണ് ചെറുതോണിയുടെ ഷട്ടർ ചുമതലയുള്ള എൻജിനീയർ അലോഷ്യസ് പോൾ രാഷ്ട്രദീപികയോടു പറഞ്ഞത്. ഇടുക്കി ജില്ലാ കളക്ടറുടെ ഒൗദ്യോഗിക അനുമതി കിട്ടിയാൽ സംസ്ഥാന ഡാം സേഫ്റ്റി കമ്മീഷണറുടെ സാന്നിധ്യത്തിൽ വൈദ്യുതി ബോർഡ് എൻജിനിയർമാരുടെ നിർദേശത്തിൽ അലോഷ്യസ് ഷട്ടറുകൾ ഉയർത്തുക.
ആദ്യം മധ്യത്തിലെ ഷട്ടർ അര മണിക്കൂർ അൽപം ഉയർത്തി വയ്ക്കും. വേണ്ടി വന്നാൽ ഷട്ടർ വീണ്ടും താഴ്ത്തി ജലനിരപ്പ് നിരീക്ഷിക്കും. വെള്ളത്തിന്റെ കുത്തൊഴുക്ക് സുരക്ഷിതമേഖലകളിലൂടെയാണോ എന്ന് ഉറപ്പാക്കാനാണിത്.
ജലനിരപ്പ് 2403-ൽനിന്ന് താഴാതെ നിന്നാൽ മാത്രമേ തൊട്ടുചേർന്നുള്ള രണ്ടു ഷട്ടറുകൾകൂടി അൽപം ഉയർത്തുകയുള്ളൂ. ഇതിനും അപ്പുറം അവശ്യസാഹചര്യമുണ്ടായാൽ മാത്രമെ വശങ്ങളിലെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തുകയുള്ളു. ജലപ്രവാഹത്തിന്റെ തോത് നിയന്ത്രിക്കാൻ പറ്റുന്ന ഉയരത്തിലേക്ക് വേണ്ടിവന്നാൽ ഷട്ടർ കൂടുതൽ പൊക്കും. ചുരുക്കത്തിൽ എത്ര ഉയരത്തിൽ എത്ര ഷട്ടറുകൾ ഉയർത്തും എന്നു മുൻകൂട്ടി പറയാനാവില്ല.
1981ൽ ഷട്ടറുകളിൽ രണ്ടെണ്ണവും 91 ൽ നാലു ഷട്ടറുകളുമാണ് തുറന്നത്. എല്ലാ വർഷവും വേനൽക്കാലത്ത് ഷട്ടർ നിരപ്പിനേക്കാൾ വെള്ളം താഴുന്പോൾ ഷട്ടറുകൾ പല തവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു പ്രവർത്തനക്ഷമത ഉറപ്പാക്കാറുണ്ട്.
അഞ്ച് ഷട്ടറുകളും 40 സെന്റിമീറ്റർ തുറക്കുന്പോൾ ഒരു സെക്കൻഡിൽ 235.50 ഘനമീറ്റർ (8317 ക്യുബിക് അടി) വെള്ളം പെരിയാറ്റിലേക്ക് ഒഴുകിയിറങ്ങും. ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തുന്പോൾ ഒരു സെക്കൻഡിൽ 45.24 ഘനമീറ്റർ(1598 ക്യുബിക് അടി) ജലം പുറത്തേക്കൊഴുകും.
പെരിയാർ തീരവാസികൾക്കു കാര്യമായ നഷ്ടമുണ്ടാകാത്ത വിധം ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിവതും പകൽ സമയത്തായിരിക്കും അണക്കെട്ട് തുറക്കുക. ഷട്ടർ തുറന്നാൽ പഴയ ചെറുതോണിപ്പുഴയിലൂടെ വെള്ളം കുതിച്ചുപാഞ്ഞ് ഒന്നര കിലോമീറ്റർ അകലെ പെരിയാറ്റിലെത്തും.
അവിടെ നിന്നു ലോവർ പെരിയാർ, നേര്യമംഗലം, ഭൂതത്താൻകെട്ട് അണക്കെട്ടുകളിലൂടെ മലയാറ്റൂർ, കാലടി, ആലുവ വഴി വെള്ളമെത്തും. ചെറുതോണി തുറക്കുന്നതിനു മുൻപു തന്നെ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ തുറന്നുവയ്ക്കും.
അണക്കെട്ടു തുറന്നാൽ വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അഥോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽ നിന്ന് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ക്കുറിച്ചുളള വിവരം ശേഖരിച്ചിട്ടുണ്ട്.
വാത്തിക്കുടി, കൊന്നത്തടി, ഉപ്പുതോട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ തീരദേശ വാർഡുകളിലാണ് ഏറ്റവും സുരക്ഷ വേണ്ടിവരിക. പെരിയാറും കൈവഴികളും ഒഴുകുന്ന എല്ലാ റൂട്ടുകളും സുരക്ഷിതമാക്കും. ദേശീയ ദുരന്ത നിവാരണസേനയുടെ യൂണിറ്റും ഫയർഫോഴ്സും രംഗത്തുണ്ട്.
1973 ലാണ് ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ പൂർത്തിയായത്. 1974 ഫെബ്രുവരിയിൽ ഡാമിൽ വെള്ളം നിറച്ചു. 1975 ഒക്ടോബറിൽ മൂലമറ്റത്ത് നിന്നും ആദ്യമായി വൈദ്യുതി പുറത്തേക്കൊഴുക്കി പവർ ഹൗസിന്റെ ട്രയൽ റണ് ആരംഭിച്ചു .
1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിനു സമർപ്പിച്ചു. കാഴ്ചയിൽ ഇടുക്കി ആർച്ച് ഡാമിന്റെ പിന്നിലാണെങ്കിലും കേമൻ ചെറുതോണി അണക്കെട്ട് തന്നെ.ഇടുക്കിയുടെ നാലിരട്ടിയോടടുത്ത് (17 ലക്ഷം ഘനമീറ്റർ) കോണ്ക്രീറ്റ് ഇതിന്റെ നിർമിതിക്കാവശ്യമായി വന്നിട്ടുണ്ട്. അക്കാലത്തെ നിർമാണചെലവ് 25 കോടി രൂപയാണ്.
ഇടുക്കി സംഭരണിയിൽ 2200 ദശലക്ഷം ഘനമീറ്റർ ജലം സംഭരിക്കാം. ഈ വെള്ളമാണ് തുരങ്കങ്ങളിലൂടെ മൂലമറ്റത്തെ ഭൂഗർഭ വൈദ്യുത നിലയത്തിൽ എത്തുന്നത്. നാടുകാണി മലയുടെ മുകളിൽ നിന്നും 750 മീറ്റർ അടിയിലാണ് ഭൂഗർഭ വൈദ്യുത നിലയം. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയവും ഇതു തന്നെ.