ജോണ്സണ് വേങ്ങത്തടം
തൊടുപുഴ: പുലർച്ചെ മൂന്നിനു പുറപ്പെട്ടതാണ് മൂന്നാർ കുണ്ടളക്കുടി ആദിവാസി കോളനിയിലെ കന്തസ്വാമി കങ്കാണി മൂപ്പനും സംഘവും. ഇഷ്ടതാരത്തെ ഒരുനോക്കു കാണണം. സഹായങ്ങൾക്കു നന്ദി പറയണം. എന്നാൽ, കാട്ടാന കടത്തിവിട്ടില്ല. അവസാനം മൂന്നാറിൽനിന്നു ട്രൈബൽ പോലീസ് എത്തി. ഒടുവിൽ പോലീസ് വാനിൽ ഇഷ്ടതാരത്തിന്റെ അടുത്തേക്ക്.
രാവിലെ പത്തിനു പറഞ്ഞിരുന്ന കൂടിക്കാഴ്ചയ്ക്ക് എത്താനായത് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക്. എന്നിട്ടും ഷൂട്ടിംഗ് ഒഴിവാക്കി മമ്മൂട്ടി കാത്തിരുന്നു. കന്തസ്വാമി കങ്കാണി മൂപ്പൻ വന്നതറിഞ്ഞു ഷൂട്ടിംഗ് സ്ഥലത്തുനിന്നു വഴിയിലേക്ക് ഇറങ്ങി വന്നു കൂട്ടികൊണ്ടു പോയി. ഇഷ്ടപ്പെടുമോയെന്ന ആശങ്കയോടെ കുറെ സമ്മാനങ്ങൾ താരത്തിനു മുന്നിൽ നിരത്തി. കാരറ്റ്, കാബേജ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികൾ. സന്തോഷംകൊണ്ടു മൂപ്പനെ കെട്ടിപ്പിടിച്ച മമ്മൂട്ടി, ഏറെ നേരം അവരുമായി സംസാരിച്ചു.
കൃഷിയെക്കുറിച്ച്, കുട്ടികളുടെ പഠനത്തെക്കുറിച്ച്, ആശുപത്രി സൗകര്യത്തെക്കുറിച്ച്, യുവാക്കളുടെ ജോലി സംബന്ധിച്ച് എല്ലാം ചോദിച്ചറിഞ്ഞു. രണ്ടു ലക്ഷം രൂപയുടെ കാർഷികോപകരണങ്ങളായിരുന്നു മമ്മൂട്ടിയുടെ സമ്മാനം. തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ പുതിയ ചിത്രമായ പരോളിന്റെ ചിത്രീകരണത്തിനിടയിലാണ് ആദിവാസിസംഘം എത്തിയത്.
മമ്മൂട്ടി രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ആദിവാസി കുടികളിൽ ജീവകാരുണ്യപ്രവർത്തനം നടത്തുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞനാകാൻ വിദേശത്ത് പഠിക്കണം എന്ന മകന്റെ ആഗ്രഹം അറിയിച്ച സംഘത്തിലെ സെന്തിലിനു അതിനുള്ള മുഴുവൻ സഹായവും കെയർ ആൻഡ് ഷെയർ വഴി നൽകുമെന്നു മമ്മൂട്ടി ഉറപ്പുനൽകി.
കുടികളിൽ ആശുപത്രികളും സ്കൂളുകളിൽ മലയാളം പഠിക്കാനുള്ള സൗകര്യവും അദ്ദേഹം ഒരുക്കും. അഞ്ചു വർഷം മുന്പു കുണ്ടളക്കുടിയിൽ ആദിവാസികളുമായി മുഖാമുഖം നടത്തിയ മമ്മൂട്ടിയും സംഘവും അവരുടെ പ്രശ്നങ്ങൾ മനസിലാക്കിയശേഷം ഫൗണ്ടേഷന്റെ കീഴിൽ പൂർവികം എന്നൊരു പദ്ധതി ആരംഭിച്ചിരുന്നു.
ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ എസ്എഫ്സി, മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മാരാട്ടിപ്പുഴ, കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, എസ്. ജോർജ് തുടങ്ങിയവരാണു നേതൃത്വം നൽകിയത്. മൂന്നാർ ട്രൈബൽ പോലീസ് ഉദ്യോഗസ്ഥരായ ഇർഷാദ്, എ.എം.ഫക്രുദീൻ, വി.കെ.മധു, എ.ബി.ഖദിജ, കെ.എം.ശൈലജാമോൾ തുടങ്ങിയവരാണ് ആദിവാസി വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കുന്നത്.