തൊടുപുഴ: മഴ മാറിയാലുടൻ കുഴിയടയ്ക്കൽ നടത്തുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പല്ലവി വീണ്ടും പ്രഹസനമായി മാറുന്നു. മഴ മാറി മാനം തെളിഞ്ഞിട്ടും തൊടുപുഴ മേഖലയിലെ ഒരു റോഡിൽ പോലും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല. കുഴികൾ രൂപപ്പെട്ട് നഗരത്തിലെ റോഡുകളിൽ അപകടം തുടർക്കഥയായിട്ടും അധികൃതർക്ക് കുലുക്കമില്ല.
ശക്തമായ മഴ മാറുന്നതോടെ തൊടുപുഴ മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നായിരുന്നു പിഡബ്ല്യുഡി അറിയിച്ചിരുന്നത്. എന്നാൽ നഗരത്തിലെ റോഡുകൾ ഉൾപ്പെടെ തകർന്ന് താറുമാറായിട്ടും അധികൃതരുടെ കണ്ണിൽ ഇതൊന്നും പെടുന്നില്ല. റോഡുകളിൽ കുഴി നിറഞ്ഞതോടെ നഗരവാസികൾ പൊടി ശല്യത്താലും വലയുകയാണ്.
തൊടുപുഴ നഗരത്തിൽ കുഴികളില്ലാത്ത റോഡ് ഒന്നു പോലുമില്ലാത്ത അവസ്ഥയാണ്. അപകടങ്ങൾക്കിടയാക്കുന്ന തരത്തിലാണ് പല റോഡുകളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുണ്ടും കുഴിയുമായി താറുമാറായ റോഡുകളിൽ ഇരുചക്രവാഹന യാത്രക്കാരും മറ്റും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിട്ടും പൊതുമരാമത്ത് അധികൃതർ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ കാട്ടുന്ന തികഞ്ഞ അലംഭാവം വലിയ പ്രതിഷേധത്തിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴ -മൂലമറ്റം റോഡിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അമിത വേഗതയ്ക്കു പുറമെ സ്ഥലത്തുള്ള കുഴിയും അപകടത്തിനു ഒരു കാരണമായതായി സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു.
ശക്തമായ മഴ പെയ്തപ്പോൾ ചെളിക്കുളമായിരുന്ന റോഡുകൾ ഇപ്പോൾ പൊടി നിറഞ്ഞിരിക്കുകയാണ്. മൂപ്പിൽക്കടവ് -മങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ കാഞ്ഞിരമറ്റം ജംഗ്ഷനിലൂടെ ഇപ്പോൾ കാൽനടയാത്രക്കാർക്ക് കണ്ണും മൂക്കും പൊത്താതെ നടക്കാനാവില്ല.
വാഹനങ്ങൾ പോകുന്നതോടെ റോഡും പരിസരവും പൊടി കൊണ്ട് നിറയും. ഇവിടെ പൂർണമായും റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. തൊടുപുഴ ടൗണിലെയും പരിസരങ്ങളിലെയും പല റോഡുകളുടെയും നിർമാണത്തിലെ അപാകതകളും അറ്റകുറ്റപ്പണികളുടെ അപര്യാപ്തതയും മൂലമാണ് പല റോഡുകളും താറുമാറായത്. ഇതിനു പുറമെ പൈപ്പിടീൽ ജോലികൾക്കായി വാട്ടർ അഥോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് പല റോഡുകളുടെയും അവസ്ഥ ഇത്രയും താറുമാറായത്.
മത്സ്യ മാർക്കറ്റ് -കോതായിക്കുന്ന് റോഡ്, പോസ്റ്റോഫീസ് റോഡ്, കാഞ്ഞിരമറ്റം അന്പലം റോഡ്, ഗാന്ധി സ്ക്വയർ, മാർക്കറ്റ് റോഡ്, തൊടുപുഴ-പാല റോഡ് തുടങ്ങി എല്ലാ റോഡുകളും തകർന്ന അവസ്ഥയിലാണ്. പരാതിയേറിയപ്പോൾ മഴയത്ത് കുഴികളിൽ കല്ലും പാറപ്പൊടിയും കൊണ്ട് ഓട്ടയടച്ചെന്ന് വരുത്തിതീർത്തിരുന്നു. എന്നാൽ കടലിൽ കായം കലക്കിയതു പോലെയുള്ള ഈ പ്രവൃത്തി കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല. തൊടുപുഴയിലെ റോഡുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാത്ത പിഡബ്ല്യുഡിയുടെ നിലപാടിനെതിരെ രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും സമരത്തിനൊരുങ്ങുകയാണ്.