നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2018 ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നടക്കുന്ന ഇടപാടുകൾക്ക് സ്രോതസിൽ പിടിച്ച് അടച്ച നികുതിയുടെ റിട്ടേണ്‍ ഫോമുകൾ (2018-19 സാന്പത്തികവർഷത്തിലെ മൂന്നാമത്തെ ത്രൈമാസ റിട്ടേണ്‍) ഈ മാസം 31നു മുന്‍പ് ഫയൽ ചെയ്യേണ്ടതാണ്. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് കാലതാമസമോ വീഴ്ചയോ വരുത്തിയാൽ ആദായനികുതി നിയമം വകുപ്പ് 234 ഇ അനുസരിച്ച് നിർദ്ദിഷ്ട തീയതിയായ 31 മുതൽ താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം 200 രൂപ എന്ന നിരക്കിൽ പിഴ ഈടാക്കുന്നതാണ്. പ്രസ്തുത പിഴത്തുക അടച്ചിരിക്കുന്ന നികുതിത്തുകയോളമായി പരിധി നിശ്ചയിച്ചിട്ടുണ്ട്.
സ്രോതസിൽ പിടിച്ച നികുതി നിശ്ചിതസമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമേ നികുതിദായകന് അടച്ചിരിക്കുന്ന നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുകയുള്ളൂ. താഴെപ്പറയുന്ന റിട്ടേണ്‍ ഫോമുകളാണ് വിവിധതരത്തിൽ സ്രോതസിൽ നികുതി പിടിക്കുന്പോൾ ഉപയോഗിക്കേണ്ടത്.
ശന്പളത്തിൽനിന്നുള്ള നികുതിക്ക് ഫോം നന്പർ 24 ക്യുവും ശന്പളം ഒഴികെയുള്ള റെസിഡന്റിന് നല്കുന്ന മറ്റു വരുമാനത്തിൽനിന്നു പിടിക്കുന്ന നികുതിക്ക് 26 ക്യുവും നോണ്‍ റെസിഡന്റിന് പലിശയും ഡിവിഡൻഡും ഉൾപ്പെടെ ഏതു വരുമാനത്തിൽനിന്നും പിടിക്കുന്ന നികുതിക്ക് ഫോം നന്പർ 27 ക്യുവും വസ്തു വില്പനയുടെ സമയത്ത് സ്രോതസിൽ നിർബന്ധിതമായി പിടിക്കുന്ന തുകയ്ക്ക് 26 ക്യുബിയും ടിസിഎസിന് 27 ഇക്യുവും ആണ് ഉപയോഗിക്കേണ്ടത്.
സ്രോതസിൽ പിടിക്കേണ്ട നികുതിത്തുക പിടിക്കാതിരുന്നാൽ പ്രസ്തുത തുകയ്ക്ക് ഒരു ശതമാനം നിരക്കിൽ പലിശ നല്‍കേണ്ടി വരും. അതുപോലെതന്നെ നികുതി പിടിച്ചതിന് ശേഷം നിർദിഷ്ട തീയതിക്കുള്ളിൽ അടച്ചില്ലെങ്കിൽ പ്രതിമാസം ഒന്നര ശതമാനം എന്ന നിരക്കിൽ പലിശയും നല്‍കേണ്ടതായി വരും.
റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാം
സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടില്ലെങ്കിൽ 10,000 രൂപ മുതൽ 1,00,000 രൂപ വരെയുള്ള തുക പിഴയായി ഈടാക്കാൻ അധികാരമുണ്ട്. എന്നാൽ, താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ ഈടാക്കുന്നതല്ല.
1) പിടിച്ച നികുതി ഗവണ്മെന്റിൽ അടച്ചിരിക്കുന്നു.
2) താമസിച്ച് ഫയൽ ചെയ്തതിനുള്ള ലെവിയും പലിശയും അടച്ചിരിക്കുന്നു.
3) റിട്ടേണുകൾ ഫയൽ ചെയ്യേണ്ടിയിരുന്ന നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തിരിക്കുന്നു.
മേൽ പറഞ്ഞ മൂന്നു വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നികുതി ഉദ്യോഗസ്ഥൻ പിഴ ഈടാക്കുന്നതല്ല. എന്നാൽ, തക്കതായ കാരണങ്ങൾ നിമിത്തമാണ് റിട്ടേണുകൾ ഫയൽ ചെയ്യാൻ കാലതാമസം നേരിട്ടതെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ കാലതാമസം വന്നിട്ടുള്ള സാഹചര്യങ്ങളിൽ ഇൻകം ടാക്സ് കമ്മീഷണർക്ക് പരാതി നല്കിയാൽ പിഴ കുറവുചെയ്ത് ലഭിക്കും.
പ്രോസിക്യൂഷൻ നടപടികൾ
നികുതിത്തുക പിടിച്ചതിനുശേഷം ഗവണ്മെന്റിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിൽ ആദായനികുതി നിയമം 276 ബി/276 ബിബി എന്നീ വകുപ്പുകളനുസരിച്ച് പ്രസ്തുത വ്യക്തിയുടെ മേൽ പ്രോസിക്യൂഷൻ നടപടികൾ ചുമത്താവുന്നതാണ്. തുക അടയ്ക്കുന്നത് മനഃപൂർവം വീഴ്ച വരുത്തിയതാണെങ്കിൽ തുകയുടെ വലുപ്പം അനുസരിച്ച് മൂന്നു മാസം മുതൽ ഏഴു വർഷം വരെയുള്ള കഠിനതടവിന് ശിക്ഷിക്കപ്പെടാം.
ഒരു ലക്ഷം രൂപയിൽ കൂടുതൽ നികുതിത്തുക ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിർബന്ധമായും പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതാണ്. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വീഴ്ച വരുത്തിയതെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചേക്കാം. എന്നാൽ, നടപടികൾ സ്വീകരിക്കുന്നതിനു മുന്‍പ് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നതാണ്.