തൊടുപുഴ: പച്ചക്കൊളുന്തിനു വിലയില്ലാതായതോടെ ചെറുകിട തേയില കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു തുടങ്ങി. പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകരെ സഹായിക്കേണ്ട കമ്മോഡിറ്റി ബോര്‍ഡായ തേയില ബോര്‍ഡാകട്ടെ വന്‍കിട തോട്ടമുടമകള്‍ക്കു മാത്രമായി നില കൊള്ളുന്നതിനാല്‍ ചെറുകിട തേയില കര്‍ഷകര്‍ക്ക് വിലത്തകര്‍ച്ച മൂലം ഇനി കൃഷി ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. തേയില കര്‍ഷകരെ സഹായിക്കാനായി ടീ ബോര്‍ഡ് പ്രഖ്യാപിച്ച സഹായ പദ്ധതികളുടെ ആനുകൂല്യത്തിന്റെ സിംഹ ഭാഗവും വന്‍കിട തോട്ടമുടമകള്‍ കൈപ്പറ്റിയപ്പോള്‍ ചെറുകിട കര്‍ഷകര്‍ക്കു ലഭിച്ചതാകട്ടെ അനുവദിച്ച തുകയുടെ 30 ശതമാനം മാത്രം. ഇതാകട്ടെ വിളവെടുക്കുന്ന കൊളുന്ത് ഫാക്ടറികളിലേക്ക് എത്തിക്കുന്നതിനായി വാഹനം വാങ്ങാനാണ് അനുവദിച്ചത്. വാഹനം ലഭിച്ചപ്പോള്‍ വിളവെടുക്കുന്ന കൊളുന്ത് വില്ക്കാന് ഇടമില്ലാതായി.
ജില്ലയില്‍ തേയില കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ചെറുകിട തേയില കര്‍ഷക ഫെഡറേഷന് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ടീ ബോര്‍ഡിനു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ജില്ലയില്‍ തേയില കൃഷി പുനരുദ്ധാരണത്തിനായി 18 കോടി രൂപയാണ് തേയില ബോര്‍ഡ് അനുവദിച്ചത്. ഇതില്‍ ഇനി ചെറുകിട കര്‍ഷകര്‍ക്ക് 1.27 കോടി രൂപ ലഭിക്കാനുണ്ട്. ബാക്കി വരുന്ന തുക വന്‍കിട തോട്ടമുടമകള്‍ കൈപ്പറ്റി. ചെറുകിട കര്‍ഷകര്‍ക്കായി ജില്ലയില്‍ മൂന്നു ഫാക്ടറി നിര്‍മാണത്തിനും വാഹനം വാങ്ങുന്നതിനും റീ പ്ലാന്റിംഗിനുമായാണ് തുക അനുവദിച്ചിരുന്നത്.
അതീവ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ചെറുകിട തേയില കൃഷി മേഖല നീങ്ങുന്നത്. മറ്റു കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ തേയിലകൃഷിക്കു പര്യാപ്തമായതമായ മേഖലകളില്‍ മാത്രമാണ് തോട്ടങ്ങള്‍ക്കു പുറമെ ചെറുകിട തേയില കൃഷി നടക്കുന്നത്.
കാലാവസ്ഥ അനുയോജ്യമായതാണ് കൂടുതല്‍ കര്‍ഷകര്‍ ഇത്തരം മേഖലകളില്‍ തേയില കൃഷിയിലേക്ക് കടക്കാൻ കാരണം. ഇടുക്കി ജില്ലയില്‍ 12740 ഓളം കര്‍ഷകര്‍ 50 സെന്റുമുതല്‍ ആറേക്കര്‍ വരെ തേയില കൃഷി ചെയ്യുന്നതായാണ് കണക്ക്. തേയില ഉല്പാദന മേഖലയിലെ വിപണന സാധ്യതകള്‍ കണ്ടറിഞ്ഞാണ് ഒട്ടേറെ കര്‍ഷകര്‍ ചെറുകിട തേയില കൃഷിയിലേക്ക് കടന്നത്. ചെറുകിട തേയില മേഖലയില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കൊളുന്ത് ജില്ലയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണു വില്പന നടത്തി വന്നിരുന്നത്.
കിലോയ്ക്ക് 20 രൂപ വരെ പച്ചക്കൊളുന്തിനു വിലയുണ്ടായിരുന്നു. എന്നാല്‍ ഉല്പാദനത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് വില കൂടിയും കുറഞ്ഞുമിരിക്കും. കൊളുന്ത് വ്യാപാര മേഖലയില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഇടനിലക്കാരാണ് കൊളുന്തിന്റെ വില നിശ്ചയിക്കുന്നത്. പലപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തില്‍ കര്‍ഷകര്‍ പെടുകയായിരുന്നു.
കൊളുന്ത് സംഭരിച്ചു വയ്ക്കാന്‍ കഴിയാത്ത ഉല്പന്നമായതിനാല് ഏജന്റുമാര്‍ നിശ്ചയിക്കുന്ന വിലക്ക് കര്‍ഷകര്‍ ഉല്പന്നം വില്ക്കാന് നിര്‍ബന്ധിതമാകുകയായിരുന്നു. എന്നാല്‍ ഏതാനും മാസം മുന്‍പു വരെ 17 രൂപ വരെ വിലയുണ്ടായിരുന്ന പച്ചക്കൊളുന്ത് ഇപ്പോള്‍ രണ്ടു രൂപക്കു നല്‍കാമെന്നു പറഞ്ഞാല്‍പോലും ആരും വിലക്കെടുക്കുന്നില്ല. തേയിലച്ചെടിയില്‍ നിന്നും കൊളുന്ത് നുള്ളാതിരുന്നാല് പിന്നീട് ഉല്പന്നം എടുക്കാനാവില്ല. പണം മുടക്കി കൊളുന്തെടുക്കാമെന്നു വച്ചാല്‍ വിലക്കെടുക്കാന്‍ ആളില്ല. ഫലത്തില്‍ ചെറുകിട കര്‍ഷകര്‍ ചെകുത്താനും കടലിനും നടുവിലെന്ന അവസ്ഥയിലായി. പച്ചക്കൊളുന്ത് ഉല്പാദനം ഇപ്പോള്‍ അധികമായി നടക്കുന്നതിനാലാണ് കൊളുന്ത് വിലക്കെടുക്കാന്‍ കഴിയാത്തതെന്നാണ് ഫാക്ടറിക്കാര്‍ പറയുന്നത്.
സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൊളുന്ത് ഉല്പാദനം അധികമായി ഉണ്ടാകുന്നത്. ഈ സമയത്ത് വില കുറയുക സാധാരണമാണ്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് സമാന്യം വില ലഭിക്കുന്ന സമയത്താണ് വിലത്തകര്‍ച്ചയുണ്ടായത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം ഉല്പാദനം കൂടിയെന്നാണ് ഇവരുടെ വാദം. ജില്ലയില്‍ തേയിലത്തോട്ടം മേഖലയില്‍ 44 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം ഫാക്ടറികളിലും ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ കൊളുന്ത് വിലക്കെടുന്നില്ല. ഇതില്‍ ഏലപ്പാറ ഹെലിബറിയ തേയില ഫാക്ടറി കത്തി നശിച്ചിരുന്നു. ഇവിടേക്കുള്ള തേയില കൊളുന്ത് കരുന്തരുവി ഫാക്ടറിയാലാണ് സംസ്കരിക്കുന്നത്.
ചെറുകിട തേയില കൊളുന്ത് ഉല്പാദന, വിപണന മേഖലയില്‍ ഇടനിലക്കാരുടെയും വന്‍കിട തോട്ടമുടമകളുടെയും കടന്നു കയറ്റം ഒഴിവാക്കുന്നതിനാണ് ജില്ലയില്‍ തേയില ഫാക്ടറികള്‍ ആരംഭിക്കുന്നതിനു ടീ ബോര്‍ഡ് തുക അനുവദിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് ഉല്പന്നം വിറ്റഴിക്കുന്നതിനായുള്ള ബുദ്ധിമുട്ടികള്‍ ഒഴിവാക്കുന്നതിനായിരുന്നു ചെറുകിട തേയില കര്‍ഷക സംഘടനകളുടെ നിവേദനത്തിനൊടുവില്‍ ടീ ബോര്‍ഡ് പദ്ധതികള്‍ തയാറാക്കിയത്.
ചെറുകിട തേയില കൃഷി കൂടുതലായുള്ള പീരുമേട്. തങ്കമണി, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഫാക്ടറികള്‍ വിഭാവനം ചെയ്തത്. ഫാക്ടറികള്‍ നിര്‍മിക്കുന്നതിനായുള്ള ഭൂമി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നല്‍കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. തങ്കമണിയില്‍ മാത്രം സര്‍വീസ് സഹകരണ സൊസൈറ്റിയുടെ സ്ഥലത്ത് ഫാക്ടറി നിര്‍മാണം നടന്നു വരുന്നുണ്ട്. ഇതും ഫണ്ടു ലഭിക്കാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കാല താമസം നേരിടും. വന്‍കിട തോട്ടമുടമകളെ സഹായിക്കാനായി ടീ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫണ്ടു വൈകിപ്പിക്കുകയാണെന്നാണ് ചെറുകിട തേയില കര്‍ഷകര്‍ ആരോപിക്കുന്നത്.
നിലവില്‍ ചെറുകിട തേയില മേഖല നേരിടുന്ന പ്രതിസന്ധി നീണ്ടാല്‍ ഭൂരിഭാഗം കര്‍ഷകരും കനത്ത കടക്കെണിയിലേക്കു നീങ്ങാനും സാധ്യതയുണ്ട്. ഭൂരിപക്ഷം കര്‍ഷകരും ബാങ്ക് വായ്പയും മറ്റും തരപ്പെടുത്തിയാണ് തേയില കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനം നഷ്ടമായെങ്കിലും കര്‍ഷകര്‍ക്ക് തേയില കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് കടക്കാനും കഴിയാത്ത അവസ്ഥയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷക ആത്മഹത്യകള്‍ പോലും ഉണ്ടാകുമെന്ന് ചെറുകിട തേയില മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.