മൂന്നാർ: ക്രിമിനലുകളുടെ കടന്നു കയറ്റം തോട്ടങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളിൽ അസ്വസ്ഥത പടർത്തുന്നു. കുടിയേറ്റ കാലത്തിനു ശേഷം ഒരു നൂറ്റാണ്ടു പിന്നിട്ട മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ സമാധാന അന്തരീക്ഷത്തിനാണ് ഇതു വഴി ഭംഗം നേരിട്ടിരിക്കുന്നത്. തോട്ടങ്ങളും ലയങ്ങളും പണ്ടേ പോലെ സുരക്ഷിതമല്ല എന്ന വസ്തുത തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടന്ന കൊലപാതകങ്ങളുടെയും ദുരൂഹമരണങ്ങളുടെയും ചുരുളഴിയാത്തതും ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ തന്നെ കേരള – തമിഴ്നാട് അതിർത്തിയിൽ മൂന്നു മരണങ്ങളാണ് തോട്ടം മേഖലയെ ഞെട്ടിച്ചത്.
കേരള -തമിഴ്നാട് അതിർത്തിയായ ബോഡിമെട്ട് മണപ്പട്ടിയിൽ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ രണ്ട് ഓട്ടോഡ്രൈവർമാർ വെട്ടേറ്റു മരിച്ചപ്പോൾ മറ്റൊരു അതിർത്തിഗ്രാമമായ ഉടുമലപ്പേട്ടയിൽ 19 കാരിയായ വിദ്യാർഥിനിയായ അസ്വഭാവിക മരണം മൂന്നാറിനെ മൂകമാക്കി. യുവാക്കൾ ക്രൂരമായി വെട്ടിക്കൊല്ലപ്പെട്ടപ്പോൾ വിദ്യാർഥിനിയുടെ മൃതദേഹം ഹോസ്റ്റലിലെ വാട്ടർ ടാങ്കിൽ മുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുണി ഉണക്കുന്നതിനിടയിൽ അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയതെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ 20 ന് കൊരണ്ടക്കാട് വിമലാലയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി മാട്ടുപ്പെട്ടി ഡാമിൽ വീണ് മരിച്ചിരുന്നു. ഈ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ ഡിജിപി മുതലുള്ള ഉന്നത പോലീസ ഉദ്യോഗസ്ഥർക്ക് പരാതി സമർപ്പിച്ചിരുന്നു.
കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്ന നിത്യയുടെ പിതാവ് ഇപ്പോഴും പോലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയിലാണ്. കഴിഞ്ഞ ഫെബ്രുവരി 14 നു ഗുണ്ടുമല എസ്റ്റേറ്റ് ബെൻമോർ ഡിവിഷനിലുള്ള ശിശുപരിപാലന കേന്ദ്രത്തിലെ ആയ രാജഗുരു കുരുന്നുകളുടെ കണ്മുന്പിൽ വച്ച് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ഈ കേസിലും പോലീസിന് ഒന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
ഫെബ്രുവരി 27 നു ഗുണ്ടുമല എസ്റ്റേറ്റിലെ തന്നെ തൊഴിലാളിയായ ആസാം മംഗൾദോയ് സ്വദേശി ബാറൂക്ക് കാട്ടിനുള്ളിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാസങ്ങൾക്കു മുന്പ് നമയക്കാട് എസ്റ്റേറ്റ് സ്വദേശിയായ യുവാവിനെ എസ്റ്റേറ്റിനു സമീപത്തുള്ള പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പള്ളിവാസലിലെ ഗീത എന്ന യുവതിയെയും കാമുകൻ കൊലപ്പെടുത്തിയിരുന്നു. ഇത്തരം കേസുകളിൽ ഏറിയ പങ്കും തെളിയിക്കപ്പെടാത്തതും പോലീസിനും തിരിച്ചടിയായിട്ടുണ്ട്. ആയ കൊല്ലപ്പെട്ടിട്ട് പത്തു മാസം പിന്നിട്ടിട്ടും ഒരു തുന്പു പോലും ലഭിക്കാത്തത് തൊഴിലാളികളുടെ ആശങ്കകൾ കൂടുന്നതിനും കാരണമാകുന്നു