മൂന്നാർ: അതിശൈത്യത്തിൽ മഞ്ഞുവീഴ്ച ശക്തമായത് തേയില കൃഷിയ്ക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഞ്ഞുവീഴ്ച മൂലം 870 ഹെക്ടർ പ്രദേശത്തുള്ള തേയിലകൃഷിയാണ് കരിഞ്ഞുണങ്ങിയത്.
കണ്ണൻ ദേവൻ ഹിൽ പ്ലാേൻഷൻ കന്പനിയുടെ അധീനതയിലുള്ള എസ്റ്റേറ്റുകളിലെ തേയിലകൃഷിയ്ക്കാണ് കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നത്. 26.47 ലക്ഷം കിലോ പച്ചക്കൊളുന്താണ് കരിഞ്ഞുണങ്ങിയത്. കഴിഞ്ഞ വർഷത്തേക്കാളും വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. 23.83 ലക്ഷം കിലോയായിരുന്നു കഴിഞ്ഞ വർഷത്തെ നഷ്ടം. ഇത്തവണ 6.75 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രാത്രിയിൽ മഞ്ഞുപുതയ്ക്കുന്ന തേയിലച്ചെടികൾ രാവിലെ വെയിലേൽക്കുന്നതോടെ ചൂടേറ്റ് കരിയുകയാണ്.
ഈ മാസം രണ്ടിന് തുടങ്ങിയ അതിശൈത്യം മൂന്നാറിൽ തുടരുകയാണ്. സമീപകാലങ്ങളിലെ ഏറ്റവും കൂടിയ തണുപ്പാണ് മൂന്നാറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാറിലെ ചെണ്ടുവരൈ എസ്റ്റേറ്റിലായിരുന്നു തണുപ്പ് ഏറ്റവും കൂടുതൽ.
മൈനസ് രണ്ടു ഡിഗ്രിവരെ താപനിലതാഴ്ന്നിരുന്നു. സൈലന്റ് വാലി, പെരിയവരൈ, കന്നിമല, സെവൻമല തുടങ്ങിയ എസ്റ്റേറ്റ് പ്രദേശങ്ങളിൽ തണുപ്പ് മൈനസ് രണ്ടു ഡിഗ്രിയിലെത്തിയപ്പോൾ മാട്ടുപ്പെട്ടി, മൂന്നാർ എന്നിവിടങ്ങളിൽ മൈനസ് ഒന്നുവരെയെത്തി.