പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ആസ്സാമിലെ തേയില കര്‍ഷക സംഘ കൂട്ടായ്മ. ചായക്കാരനാണെന്ന് ആവര്‍ത്തിച്ച് പറയുന്ന മോദി സംസ്ഥാനത്തെ തേയില കര്‍ഷര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ് ആസാമിലെ തേയില കര്‍ഷകരുടെ കൂട്ടായ്മ പറയുന്നത്.
ചായക്കാരനെന്ന് അഭിമാനത്തോടെ പറയുന്ന മോദി എന്തുകൊണ്ടാണ് സ്വന്തം വിഭാഗക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തത് എന്നായിരുന്നു കര്‍ഷകരുടെ ചോദ്യം. 350 രൂപ ദിവസക്കൂലി ആവശ്യപ്പെട്ട് നടത്തുന്ന സമരത്തോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കര്‍ഷകര്‍ രംഗത്തെത്തിയത്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി ആസ്സാമില്‍ നിരവധി റാലികള്‍ നടത്തിയിരുന്നു. താനും ഒരു ചായക്കാരനാണെന്നും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ തേയില കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മികച്ച തൊഴിലും 350 രൂപ ദിവസക്കൂലിയും ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല അതുവരെ ലഭ്യമായിരുന്ന കൂലി പോലും ഇപ്പോള്‍ ലഭിക്കാതായി. സ്വന്തം ആള്‍ക്കാരാണ് തങ്ങള്‍ എന്നാണ് അദ്ദേഹം പല പ്രസംഗങ്ങളിലും പറഞ്ഞിട്ടുള്ളത്. അത്തരത്തില്‍ സ്വന്തം ആളുകളോട് മോദി ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്നും ആസ്സാമിലെ ”ചാ മസ്ദൂര്‍ സംഘ ജനറല്‍ സെക്രട്ടറി രൂപേഷ് ഗൊവാല ചോദിച്ചു. 175 രൂപയാണ് കര്‍ഷകരുടെ ദിവസക്കൂലിയെന്നും 2018 ജനുവരി 1 മുതല്‍ ദിവസക്കൂലിയില്‍ വര്‍ധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.