ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ കുറവാണ്. ചിലർക്ക് രാവിലേയും വൈകുന്നേരവും ഒരു കപ്പ് ചായ കിട്ടിയില്ലെങ്കിൽ തലവേദന പോലും വരാറുണ്ട്. മധുരമിട്ടും ഇടാതെയും ചായ കുടിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ മധുരത്തിനു പകരം ഉപ്പ് ഇട്ട് ചായ കുടിക്കാമെന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ…
അമേരിക്കൻ രസതന്ത്രജ്ഞനായ ഡോ. മിഷേൽ ഫ്രാങ്കിയാണ് ഇത്തരത്തിൽ ഒരു അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്. ഉപ്പ് ചേർത്താൽ ചായയുടെ രുചി വർദ്ധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ചായയുടെ രുചി കൂട്ടാൻ മറ്റ് ചില പൊടിക്കൈകൾ കൂടി അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.
ചായ ഉണ്ടാക്കുന്നതിന് മുമ്പ് കപ്പ് ചൂടാക്കണമെന്നും, ഇങ്ങനെ ചെയ്താൽ ചായയ്ക്ക് കൂടുതൽ രുചി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പ് ചൂടാക്കുന്പോൾ അതിലെ ആന്റിഓക്സിഡന്റുകളുടേയും കഫീന്റെയും അളവ് കൂടുകയും ചെയ്യുമെന്നാണ് ഡോ. മിഷേലിന്റെ വാദം. ചായയുടെ രുചി കൂട്ടാൻ അല്പം ഉപ്പ് ആകാമെന്ന ഡോക്ടർ മിഷേലിന്റെ പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുകയാണ്.