ചായവിറ്റാല്‍ കോടീശ്വരിയാകുമോ ? അമേരിക്കക്കാരി ബ്രൂക്ക് എഡ്ഡിയുടെ ചായവില്‍പ്പന വേറെ ലെവലാണ്; ചായവില്‍പ്പനയ്ക്ക് പ്രചോദനം ഇന്ത്യ…

ചായയില്ലാത്ത ഒരു പ്രഭാതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇന്ത്യക്കാര്‍ക്കാവില്ല. പലരും ചായക്കട നടത്തുന്നതാവട്ടെ ജീവിതം നേരെകൊണ്ടുപോകാനായാണ്. എന്നാല്‍ ചായ വിറ്റ് കോടീശ്വരിയായിരിക്കുകയാണ് ഒരു അമേരിക്കന്‍ വനിത. കൊളറാഡോ സ്വദേശിയായ ബ്രൂക്ക് എഡ്ഡിയാണ് ചായ കച്ചവടത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. 2002 ല്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ചായ കച്ചവടം എന്ന ആശയം എഡ്ഡിയുടെ മനസില്‍ ഉണ്ടാകുന്നത്.

ഇന്ത്യയില്‍നിന്നും കൊളറാഡോയില്‍ തിരികെയെത്തിയ എഡ്ഡി പല റസ്റ്ററന്റുകളില്‍നിന്നും ചായ കുടിച്ചുവെങ്കിലും അവയ്‌ക്കൊന്നും ഇന്ത്യയില്‍നിന്നുളള ചായയുടെ സ്വാദ് ഉണ്ടായിരുന്നില്ല. അങ്ങനെ 2006 ല്‍ എഡ്ഡി സ്വന്തമായി ചായ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. ‘ഭക്തി ചായ’ എന്ന് അതിന് പേരിടുകയും ചെയ്തു. ഏതൊരു ചെറുകിട സംരംഭകരെപ്പോലെ തന്നെ തന്റെ കാറില്‍ സഞ്ചരിച്ചാണ് എഡ്ഡിയും ആദ്യകാലങ്ങളില്‍ ചായ വിറ്റിരുന്നത്.


അതിനുശേഷം ബൗള്‍ഡര്‍, കൊളറാഡോ എന്നിവിടങ്ങളിലെ ചില റസ്റ്ററന്റുകളില്‍ നല്‍കിത്തുടങ്ങി. 2007 ല്‍ സ്വന്തമായി ഒരു വെബ്‌സൈറ്റ് രൂപീകരിച്ചു. ഇതിലൂടെ നിരവധി ഉപഭോക്താക്കളെ കിട്ടുകയും ‘ഭക്തി ചായ’യുടെ പ്രശസ്തി മറ്റു പല ഇടങ്ങളിലേക്ക് എത്തുകയും ചെയ്തു. ഇന്ന് അമേരിക്കയിലുടനീളം ഭക്തി ചായ പ്രേമികളുണ്ട്. വെബ്‌സൈറ്റ് രൂപീകരിച്ച് ഒരു വര്‍ഷത്തിനുശേഷം ജോലി ഉപേക്ഷിച്ച് എഡ്ഡി മുഴുവന്‍ സമയവും ഭക്തി ചായ ബിസിനസിലേക്ക് കടന്നു.

തുടര്‍ന്ന് അങ്ങോട്ട് കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു കമ്പനിയുടെ വളര്‍ച്ച. 2014 ലെ മികച്ച സംരംഭകര്‍ക്കുളള അവാര്‍ഡ് പട്ടികയില്‍ 5ാം സ്ഥാനത്തായിരുന്നു എഡ്ഡി. ഈ വര്‍ഷത്തെ കമ്പനിയുടെ വരുമാനം 7 മില്യന്‍ ഡോളറാണ്. കോളറാഡോയിലെ ഹിപ്പി മാതാപിതാക്കളുടെ മകളായാണ് ബ്രൂക്ക് എഡി ജനിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളാണ് എഡ്ഡിക്കുളളത്. ജീവിതത്തില്‍ എപ്പോഴും പുതുമയുളളത് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ചായ ബിസിനസിലേക്ക് എത്തിയതെന്ന് എഡ്ഡി പറഞ്ഞതായി ഒരു അമേരിക്കന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഇതുകേട്ട് വണ്ടറടിച്ചിരിക്കുകയാണ് ഇന്ത്യയിലെ ചായക്കടക്കാര്‍.

Related posts