കട്ടക്: ഇത്തവണത്തെ പത്മശ്രീ പുരസ്കാരം നേടിയവരില്‍ വേറിട്ട പേരാണ് ദേവരപ്പള്ളി പ്രകാശ് റാവുവിന്റേത്. കാരണം ഇദ്ദേഹം ഒരു ചായക്കടക്കടക്കാരനാണെന്നതു തന്നെ. അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകളെ മാനിച്ചാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്. ഒഡീഷയിലെ കട്ടക്കിലാണ് അദ്ദേഹത്തിന്റെ ചായക്കട. വീട്ടിലെ കഷ്ടപ്പാട് കാരണം പാതി വഴിയില്‍ പഠനം നിര്‍ത്തേണ്ടി വന്ന നിര്‍ഭാഗ്യവാനാണ് പ്രകാശ് റാവു.
എന്നാല്‍ ഇന്ന് തന്റെ പരിമിതമായ അറിവ് പങ്കുവെച്ച് പ്രദേശത്തെ അയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് അക്ഷരലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത്. എട്ട് ഭാഷകള്‍ സിംപിളായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം തന്റെ അറിവുകള്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 2018ല്‍ കട്ടക്ക് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി റാവുവിനെ കാണുകയും അദ്ദേഹത്തെക്കുറിച്ച് തന്റെ മന് കീ ബാത്ത് പരിപാടിയില്‍ പറയുകയും ചെയ്തിരുന്നു.
ജനുവരി 25ന് രാത്രി ആശുപത്രിയില്‍ നില്‍ക്കവെയാണ് രാജ്യം തന്നെ പത്മശ്രീ നല്കി ആദരിച്ച വിവരം ഫോണ്‍കോളില്‍ നിന്നും പ്രാകാശ് റാവു അറിയുന്നത്. എന്നാല്‍ അവിടേയും അദ്ദേഹത്തിന്റെ എളിമ രാജ്യം കണ്ടു. ഇത്രയും വലിയ അവാര്‍ഡിനൊന്നും താന്‍ അര്‍ഹനല്ലെന്നായിരുന്നു റാവുവിന്റെ ആദ്യ പ്രതികരണം. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ഏറ്റുവാങ്ങും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് തന്റെ ഈ അവാര്‍ഡ് ഒരു പാഠമാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ ആളുകളാകണമെന്ന് സ്വപ്നം കാണുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍ എന്നാല്‍ സ്വന്തം ഉത്തരവാദിത്വം ചെയ്യാന്‍ പരമാവധി യത്നിച്ചാല്‍ ഒരു ദിവസം ലോകം നമ്മളെ അംഗീകരിക്കും. റാവു ഇതു പറയുമ്പോള്‍ അദ്ദേഹത്തിന്റഎ ജീവിതം തന്നെ സാക്ഷിയാണ്.