സൗകര്യപ്രദവും സുഖപ്രദവുമായ ചായയനുഭവം പകരുന്ന ‘ടീ ബാഗുകൾ’ ജനപ്രിയമാണ്. എന്നാൽ ടീ ബാഗ് അത്ര ആരോഗ്യകരമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.
പോളിമർ അധിഷ്ഠിത മെറ്റീരിയൽകൊണ്ട് നിർമിച്ചതാണ് ഇന്നു മാർക്കറ്റിൽ ലഭിക്കുന്ന ടീ ബാഗുകൾ. ഇതുപയോഗിച്ച് ചായ തയാറാക്കുന്പോൾ ദശലക്ഷക്കണക്കിന് നാനോപ്ലാസ്റ്റിക്സും മൈക്രോപ്ലാസ്റ്റിക്സും പുറത്തേക്കുവരുന്നുണ്ടെന്നും വിഷാംശമുള്ള ഇത് വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ബാഴ്സലോണയിലെ ഓട്ടോണമസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നു.
ഭക്ഷണത്തോടൊപ്പം അകത്തേക്കെത്തുന്ന നാനോപ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കുടൽ ആഗിരണം ചെയ്യുകയും രക്തത്തിൽ കലരുകയും ചെയ്യുന്നു. നൈലോൺ-6, പോളിപ്രൊഫൈലിൻ, സെല്ലുലോസ് എന്നീ പോളിമറുകൾ ഉപയോഗിച്ചു നിർമിച്ച ടീ ബാഗ് ആണ് ഗവേഷണത്തിന് ഉപയോഗിച്ചത്. ചായ ഉണ്ടാക്കുമ്പോൾ, നൈലോൺ-6 ഒരു മില്ലിലിറ്ററിന് 8.18 ദശലക്ഷം കണികകൾ പുറത്തുവിടുന്നുണ്ടത്രെ.
പോളിപ്രൊഫൈലിൻ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യൺ കണികകളും സെല്ലുലോസ് ഒരു മില്ലിലിറ്ററിന് ഏകദേശം 135 ദശലക്ഷം കണികകളും പുറത്തുവിടുന്നു. ഇങ്ങനെ ശരീരത്തിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക്സ് അമ്മയിലൂടെ ഗർഭസ്ഥശിശുവിലേക്ക് എത്തുന്നതായും ഗവേഷകർ വ്യക്തമാക്കി.