കണ്മുന്നില് ചോരവാര്‍ന്ന് ആളുകള്‍ മരിക്കുന്നത് കണ്ടാല്‍ പോലും അവര്‍ക്ക് ഒരു തുള്ളി വെള്ളം ഇറ്റിച്ച് കൊടുക്കാനോ അവരെ ആശുപത്രിയാലാക്കാനോ എന്തുകൊണ്ടൊക്കെയോ മടിക്കുന്നവരാണ് ഇന്ന് ബഹുഭൂരിപക്ഷം ആളുകളും. എന്നാല്‍ സമൂഹത്തിലെ നന്മ നിറഞ്ഞ ആളുകള്‍ പൂര്‍ണ്ണമായും അന്യം നിന്ന് പോയിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളും, പൊതുവേ കുറവെങ്കിലും പുറത്തു വരാറുണ്ട്.
അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബസ്സ്റ്റോപ്പില്‍ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലെത്തിച്ച് മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍. കുഴഞ്ഞു വീണയാളെ ആരും സഹായിക്കാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ മുന്‍കൈയെടുത്താണ് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഹാര്‍ട്ട് അറ്റാക്കായതിനാല്‍ ജീവന് രക്ഷിക്കാനുമായില്ല.
നിറമണ്‍കര എന്‍എസ്എസ് വുമണ്‍സ് കോളജ് വിദ്യാര്‍ത്ഥിനികളുടെ ഈ നന്മ അവരുടെ തന്നെ അധ്യാപികയായ വിനീത മോഹന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് പുറം ലോകം അറിയുന്നത്. തന്റെ വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് വിനീത ഫേസ്ബുക്കില്‍ കുറിച്ചു.
ദീപിക, കീര്‍ത്തി, ജ്യോത്സന, ശ്രീലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് വയോധികനെ സഹായിച്ചത്. കുഴഞ്ഞ് വീണ ഇയാളെ എടുത്തുയര്‍ത്തി ഇരിപ്പിടത്തില്‍ ഇരുത്തുന്നതിന്റെയും, വീശി കൊടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും അധ്യാപിക പങ്കുവെച്ചിട്ടുണ്ട്.