ഒമ്പതാംക്ലാസ് വിദ്യാര്ഥിനിയെ നിര്ബന്ധിച്ച് വസ്ത്രം അഴിപ്പിച്ച സംഭവത്തില് അധ്യാപിക പിടിയില്. അധ്യാപികയുടെ പ്രവൃത്തിയില് മനംനൊന്ത് വീട്ടിലെത്തിയ പെണ്കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്കുട്ടിയെ വീട്ടുകാര് അടുത്തുള്ള ആശുപത്രിയില് എത്തിച്ചു. ചികിത്സയില് കഴിയുന്ന പെണ്കുട്ടി ജീവനുവേണ്ടി മല്ലിടുകയാണ്.
പ്രതിയായ അധ്യാപികയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. അധ്യാപിക തന്നെ അപമാനിക്കുകയും ക്ലാസ് മുറിയോട് ചേര്ന്നുള്ള മുറിയില് വെച്ച് വസ്ത്രം അഴിക്കാന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് പെണ്കുട്ടി പോലീസിന് നല്കിയ മൊഴിയില് പറഞ്ഞു.
അതേസമയം പരീക്ഷയ്ക്കിടെ പെണ്കുട്ടി തന്റെ യൂണിഫോമില് ഉത്തരങ്ങള് പകര്ത്തിയ വസ്തുക്കള് ഒളിപ്പിച്ചിരുന്നതായി സംശയം തോന്നിയതിനാലാണ് അദ്ധ്യാപിക വസ്ത്രം അഴിപ്പിച്ചത്.
എന്നാല് അപമാനം താങ്ങാനാകാതെ സ്കൂളില് നിന്ന് മടങ്ങി എത്തിയ ഉടന് തന്നെ പെണ്കുട്ടി തീകൊളുത്തുകയായിരുന്നു.
വീട്ടുകാര് എത്ര ശ്രമിച്ചിട്ടും സ്കൂള് അധികൃതരെ ആരെയും ബന്ധപ്പെടാന് കഴിഞ്ഞില്ല. സംഭവത്തില് പ്രതിഷേധിച്ച് നാട്ടുകാര് സ്കൂളില് എത്തി തെറ്റ് ചെയ്ത അധ്യാപികയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഒമ്പതാം ക്ലാസുകാരിയായ ദളിത് പെണ്കുട്ടി പരീക്ഷയെഴുതാന് വേണ്ടി യൂണിഫോമില് ഒളിപ്പിച്ച തുണ്ടു പേപ്പര് നോക്കി പകര്ത്തുകയാണോ എന്ന് പരിശോധിക്കാന് വേണ്ടി അവളുടെ വസ്ത്രം അഴിക്കാന് പ്രതി നിര്ബന്ധിക്കുകയായിരുന്നു.
തുടര്ന്ന് പ്രതിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി, പോക്സോ ആക്ട്, ജുവനൈല് ജസ്റ്റിസ് ആക്ട് എന്നീ വിവിധ വകുപ്പുകള് പ്രകാരം ആണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് വേണ്ടി ഡെപ്യൂട്ടി കമ്മീഷണര് വിജയ ജാദവ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര് നിര്മ്മല കുമാരി, സബ് ഡിവിഷണല് ഓഫീസര് സന്ദീപ് കുമാര് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിക്ക് രൂപം നല്കി. 24 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് സമിതിയോട് ഡിസി നിര്ദേശിച്ചു.
ഇതുകൂടാതെ ഒരു നാലംഗ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര് സ്കൂള് പ്രിന്സിപ്പലിനെ ബന്ധപ്പെട്ടപ്പോള് പരീക്ഷയില് കോപ്പിയടിച്ചതിന് പെണ്കുട്ടി പിടിക്കപ്പെട്ടതായി അവര് ആരോപിച്ചു.
തുടര്ന്ന് അവള് എന്തെങ്കിലും മറച്ചിട്ടുണ്ടോയെന്ന് അറിയാന് വേണ്ടി മുകള് ഭാഗത്തെ വസ്ത്രം അഴിച്ചുമാറ്റാന് അദ്ധ്യാപിക നിര്ബന്ധിക്കുകയാണുണ്ടായത്. സംഭവത്തില് പ്രതിഷേധങ്ങള് തുടരുകയാണ്.