വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ കരുതുന്ന അധ്യാപകർ ഇന്നത്തെ കാലത്ത് തീർത്തും വിരളമാണ്. അത്തരം അധ്യാപകർ വിദ്യാർഥികളുടെ ഇഷ്ടമെന്തന്ന് മനസിലാക്കി അവർക്ക് ആവശ്യമായതെല്ലാം സാധിച്ചു നൽകും. അതു പോലെയുള്ള ഒരു അധ്യാപികയാണ് ഇന്ന് സോഷ്യൽമീഡിയയിൽ താരമാകുന്നത്. സമെലിൻ ലാഫന്റെ എന്നു പേരുള്ള ഇവർ ഫിലിപ്പെൻസിലെ മാസ്ബെറ്റ് സിറ്റിയിലെ ഒരു പ്രൈമറി സ്കൂളിലെ അധ്യാപികയാണ്.
കുട്ടികളോട് ഇവർക്കുള്ള സ്നേഹം എന്താണെന്ന് ഇവർ പഠിപ്പിക്കുന്ന ക്ലാസ് മുറിയുടെ ഒരു ചിത്രം കാണുമ്പോൾ മനസിലാകും. ചുമരിലും ഇരിപ്പിടത്തിലും പിങ്ക് നിറത്തിലുള്ള പെയിന്റ് അടിച്ച് വർണാഭമാക്കിയിരിക്കുന്ന ഈ മുറിയിൽ ഹലോ കിറ്റിയുടെ സ്റ്റിക്കറുകൾ ഒട്ടിക്കുകയും പൂക്കളാൽ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഒരു രൂപ പോലും സ്വീകരിക്കാതെ സ്വന്തം പണം മുടക്കിയാണ് സമെലിൻ ക്ലാസ് മുറി അലങ്കരിച്ചത്. താൻ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ് എന്നും സന്തോഷമായിരിക്കണം അതിനാലാണ് ഇത്തരത്തിൽ ഞാൻ ചെയ്തതെന്ന് ഈ അധ്യാപിക പറയുന്നു.
ഈ ക്ലാസ് മുറിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്ന് ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ സമെലിന് പ്രശസ്തി ലഭിച്ചിരിക്കുകയാണ്. കുട്ടികളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും വലുതെന്നാണ് സമെലിൻ പറയുന്നത്. സമെലിന്റെ സുഹൃത്തായ ഗ്ലേ ഫ്രാൻകോ ബക്കോളോഡ് എന്ന യുവതിയാണ് ഈ ക്ലാസ് റൂമിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.