ശാസ്താംകോട്ട: അടൂർ ചന്ദനപ്പള്ളി ഗവ.എൽപി സ്കൂൾ അധ്യാപിക രാജഗിരി അനിത ഭവനത്തിൽ അനിത സ്റ്റീഫൻ(39) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് ആഷ്ലി സോളമനെ (45) പോലീസ് അറസ്റ്റ് ചെയ്തു. കടപുഴയ്ക്ക് സമീപത്തു നിന്നുമാണ് ഇയാൾ പിടിയിലായത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ആഷ്ലി പത്തനംതിട്ട വഴി കോട്ടയത്തേക്കും പിന്നീട് കാസർകോട്ടേക്കും പോകുകയായിരുന്നു. ഇയാളുടെ ഫോൺ കൊല്ലം റൂറൽ എസ്.പി അശോകന്റെ നേതൃത്വത്തിൽ സൈബർവിംഗ് നിരീക്ഷണത്തിൽ ആയിരുന്നു. പിന്നീട് കൊല്ലം ജില്ലയിലേക്ക് മടങ്ങി എത്തുന്നതായി വിവരം ലഭിക്കുകയുണ്ടായി. തുടർന്നായിരുന്നു അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ സ്കൂളിൽ നിന്നും മക്കൾ വീട്ടിലെത്തിയപ്പോഴാണ് അനിതയെ സ്വീകരണമുറിയിൽ തലയ്ക്കടിയേറ്റ് രക്തം വാർന്നു മരിച്ച നിലയിൽ കാണപ്പെട്ടത്.
സംഭവ സ്ഥലത്ത് നിന്നും രക്തം പുരണ്ട ചിരവയും കണ്ടത്തിയിരുന്നു.
കൊല്ലപ്പെട്ട അനിതയ്ക്ക് തേവലക്കര സ്വദേശിയുമായി അടുപ്പവും വഴിവിട്ട ബന്ധവും ഉണ്ടായിരുന്നു.അനിതയെ ഭർത്താവ് തടങ്കലിൽ വച്ചിരിക്കയാണെന്ന് കാട്ടി ഇയ്യാൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു.
തുടർന്ന് കോടതിയുടെ നിർദേശപ്രകാരം പോലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുകയുണ്ടായി. താൻ തേവലക്കര സ്വദേശിയോടൊ പ്പം ജീവിക്കാൻ പോകുകയാണെന്ന് സംഭവ ദിവസം അനിത ഭർത്താവിനോട് പറഞ്ഞിരുന്നു. മാത്രമല്ല അന്നു തന്നെ ഇവരെ കാണാൻ ഇയാൾ വീടിനു സമീപം എത്തുകയും ചെയ്തിരുന്നു.
ഇതിലുള്ള പ്രകോപനത്തെ തുടർന്നാണ് അനിതയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്. കഴുത്തിൽ ഷാൾ മുറുക്കി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് നാടുവിട്ടതെന്ന് ആഷ്ലി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊട്ടാരക്കര ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട സിഐ വി.എസ് പ്രശാന്ത്, എസ്.ഐമാരായ രാജീവ്, നൗഫൽ, എഎസ്ഐ അജയകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.