പഠിപ്പിക്കുന്നതിനേക്കാള്‍ നാലിരട്ടി ബുദ്ധിമുട്ടാണ് കൊച്ചുകുട്ടികള്‍ക്കിടയിലെ ചില കുറുമ്പുകളും തല്ലുപിടിത്തങ്ങളും. പരിഹരിക്കാന്‍ പ്രയാസം ഏറെയാണ്. എന്നാല്‍ അത്തരത്തിലൊരു തല്ലപിടിത്തത്തില് പരിഹാരം കണ്ടെത്തിയ അധ്യാപികയുടെ നടപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. മുടി വെട്ടിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്ന് കളിയാക്കുകയായിരുന്നു. എന്നാല്‍ കുട്ടി മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കി സ്വന്തം നീളമേറിയ മുടി അധ്യാപിക മുറിയ്ക്കുകയായിരുന്നു.
മനപ്രയാസം കുറച്ച് തോന്നിയിരുന്നുവെങ്കിലും കുഞ്ഞിന്റെ സന്തോഷത്തിനെന്ന് വിചാരിച്ചതോടെ അതെല്ലാം മാറിയെന്ന് അധ്യാപിക പറയുന്നു. ഈ പ്രവൃത്തി സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം വാഴ്ത്തുകയാണ്. ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അധ്യാപികയാണ് ഈ പ്രവൃത്തി ചെയ്തത്. ആ നന്മ കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
ടെക്സാസ് വില്ലിസിലെ മിയാഡര്‍ എലിമെന്ററി സ്കൂളിലെ അധ്യാപികയാണ് ഷാനോണ്‍ ഗ്രിം. അഞ്ച് വയസ്സുള്ള പ്രിസില പെരെസ് എന്ന കൊച്ചുപെണ്‍കുട്ടിയെ മുടിവെട്ടിയതിന് ക്ലാസിലെ മറ്റു കുട്ടികള്‍ കളിയാക്കിയപ്പോള്‍ അധ്യാപിക സ്വന്തം മുടി മുറിയ്ക്കുകയായിരുന്നു. ഈ പ്രവൃത്തി രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പെണ്‍കുട്ടിയുടേതുപോലെ തന്നെയാണ് അധ്യാപികയും മുടിമുറിച്ചത്.