വിദ്യാര്‍ഥികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന അധ്യാപകരുടെ കാലമൊക്കെ മാറി. ഇപ്പോള്‍ കുട്ടികളുടെ സുഹൃത്തുക്കള്‍ക്കു സമാനമായാണ് പല അധ്യാപകരും അവരോട് ഇടപെടുന്നത്.
മാത്രമല്ല പാഠ്യവിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റാന്‍ അധ്യാപകര്‍ക്ക് യാതൊരു മടിയുമില്ല.
പഠനം ഏറ്റവും ലളിതമാക്കി വിദ്യാര്‍ത്ഥികളുടെ ഇഷ്ടം നേടിയെടുക്കലാണ് പ്രധാന അജണ്ട. ഇങ്ങനെ രസകരമായ രീതിയില്‍ ഒരു അധ്യാപിക കുട്ടികളെ കയ്യിലെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അധ്യാപികയായ മനു ഗുലാത്തിയാണ് വിഡിയോയിലെ താരം.
‘ഇംഗ്ലീഷ് ഭാഷാ അധ്യാപനവും പിന്നെ കുറച്ച് ഹരിയാന്‍വി സംഗീതവും, ഞങ്ങളുടെ സ്കൂള്‍ ദിനത്തിന്റെ അവസാന ദിനക്കാഴ്ച’ എന്ന് കുറിച്ചുകൊണ്ട് ഗുലാത്തി തന്നെയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
ഹരിയാന്‍വി പാട്ടിനൊപ്പം ക്ലാസിലെ ഒരു കുട്ടി ചുവടുവയ്ക്കുകയാണ്. വിദ്യാര്‍ത്ഥിനിക്കൊപ്പം മനു ഗുലാത്തിയും ചുവടുവച്ചു.
ഇതോടെ ക്ലാസിലെ മറ്റു കുട്ടികളും ആവേശത്തിലായി അവര്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കാനും തുടങ്ങി. എന്തായാലും ഡാന്‍സ് വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു.