താന്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന അന്ന് കുട്ടികള്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കുമെന്ന് പറഞ്ഞ അധ്യാപിക കോവിഡ് കാരണം വാക്കു പാലിച്ചത് മറ്റൊരു രീതിയില്‍.
എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ ബിരിയാണി വയ്ക്കാന്‍ കോഴിയിറച്ചി നല്‍കിയാണ് ടീച്ചര്‍ മാതൃകയായത്. ആലുവ സെന്റ് മേരീസ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ജെംസി ജോസഫാണ് ഈ അപൂര്‍വ സംഭാവന നല്‍കിയത്.
കഴിഞ്ഞ ശിശുദിനത്തില്‍ സ്കൂളിലെത്തിയ കുറെ കുട്ടികള്‍ക്ക് ചിക്കന്‍ വിളമ്പവേയാണ് ജെംസി താന്‍ വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ബിരിയാണി നല്‍കുമെന്ന് ഉറപ്പു നല്‍കിയത്.
വിരമിക്കാന്‍ 6 മാസം കൂടി അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. കാര്യം ടീച്ചര്‍ മറന്നാലോ എന്നു കരുതി കുട്ടികള്‍ ഇടയ്ക്കിടെ ബിരിയാണിക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍ വിരമിക്കേണ്ട സമയമായപ്പോള്‍ ലോക്ഡൗണ്‍ പ്രതിബന്ധമായി. കുട്ടികള്‍ക്ക് സ്കൂളില്‍ വരാനാവില്ല.
ധര്‍മസങ്കടത്തിലായ ടീച്ചര്‍ ഏറെ ആലോചിച്ച ശേഷം പോംവഴി കണ്ടെത്തി. സ്കൂളിലെ 150 കുട്ടികള്‍ക്കും കോഴിയിറച്ചി നല്‍കുക. ബിരിയാണി അവര്‍ വീടുകളില്‍ വയ്ക്കട്ടെ.
വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ നല്കുന്ന പലവ്യഞ്ജന കിറ്റിന്റെ വിതരണം ഇന്നലെ സ്കൂളില്‍ നടന്നപ്പോള്‍ അതിനൊപ്പം ടീച്ചറിന്റെ ചിക്കന്‍ പാക്കറ്റും ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് ഒരെണ്ണം വീതം.
മൂന്നു കുട്ടികള്‍ വീതം പഠിക്കുന്ന 5 വീടുകളില്‍ 3 പാക്കറ്റു വീതവും നല്കി. വിതരണത്തില്‍ ടീച്ചര്‍ക്കു വലംകയ്യായി വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. പ്രീതയും ഉണ്ടായിരുന്നു.
രക്ഷിതാക്കളാണു കിറ്റ് വാങ്ങാന്‍ വന്നത് എന്നതിനാല്‍ കുട്ടികളെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേ ടീച്ചര്‍ക്കുള്ളൂ.