മരണക്കിടക്കയിൽ അസൈൻമെന്‍റ് നോക്കി മാർക്കിടുന്ന അധ്യാപകൻ; നൊമ്പരമായി ചിത്രം

മരിക്കുന്നതിന് തൊട്ടുമുമ്പും വിദ്യാർഥികളുടെ അസൈൻമെന്‍റ് ആശുപത്രിയിൽ ഇരുന്ന് വിലയിരുത്തുന്ന അധ്യാപകന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അധ്യാപകന്‍റെ മകളായ സാന്ദ്ര വെനേഗാസ് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  

ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തീരെ വയ്യാതെ ആശുപത്രിയിലേക്കിറങ്ങുമ്പോഴും അദ്ദേഹം തന്‍റെ ലാപ്‍ടോപ്പും ചാർജ്ജറും എടുക്കാൻ മറന്നില്ല എന്നാണ് മകൾ പറയുന്നത്. പിന്നാലെ, അദ്ദേഹത്തെ എമർജൻസി റൂമിലേക്ക് മാറ്റി. ശേഷം അവിടെ വച്ച് വയ്യാത്ത അവസ്ഥയിലും അധ്യാപകൻ തന്‍റെ വിദ്യാർത്ഥികളുടെ അസൈൻമെന്‍റ് പരിശോധിക്കുകയും, വിലയിരുത്തി ​ഗ്രേഡുകൾ നൽകുകയുമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

പിറ്റേദിവസം തന്നെ ആശുപത്രിയിൽവച്ച് അദ്ദേഹം മരിക്കുകയും ചെയ്തു. അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ജോലിയെ കുറിച്ചും മകൾ പോസ്റ്റിനൊപ്പം എഴുതിയിട്ടുണ്ട്. അധ്യാപകർ അധികനേരം ജോലി ചെയ്യുന്നത് ആരും അധികം അറിയാറില്ല എന്നാണ് അധ്യാപകന്‍റെ മകളായ സാന്ദ്ര പറയുന്നത്.

“അധ്യാപകർ കുറേയേറെ അധികനേരം ജോലി ചെയ്യുന്നുണ്ട്. അത് പലരും മനസ്സിലാക്കുന്നില്ല. പകർച്ചവ്യാധി സമയത്തോ, ആരോ​ഗ്യം മോശമായിരിക്കുമ്പോഴും ഒക്കെ അവർ ജോലി ചെയ്യുന്നുണ്ട്. ആ സമയത്തും അധ്യാപകർ തങ്ങളുടെ ചുമതലകൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചോർത്ത് ആധിയിലാണ്” എന്നാണ് സാന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ അവസാന നിമിഷവും തന്‍റെ ജോലി ചെയ്ത ഈ അധ്യാപകനെ പ്രശംസിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ കമന്‍റുമായെത്തിയത്. 

 

 

Related posts

Leave a Comment