മുക്കം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമൂഹത്തിന് പുതിയ മാതൃക പകർന്ന് തീർത്തും വ്യത്യസ്ഥരാവുകയാണ് ഒരു അധ്യാപക കുടുംബം. കോഴിക്കോട് കക്കോടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപകനും പന്നിക്കോട് സ്വദേശിയുമായ മജീദ് പുളിക്കലും കുടുംബവുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പുതിയ മാതൃക തീർക്കുന്നത്.
എട്ട് മാസം മുൻപ് കക്കോടി സ്കൂളിൽ അധ്യാപകനായി എത്തിയത് മുതൽ സ്കൂളിന്റെ സമഗ്ര വികസനം ലക്ഷമിട്ട് വിവിധങ്ങളായ പ്രവർത്തനമാണ് ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കു മാവശ്യമായ ബാഗ്, കുട, നോട്ടു പുസ്തകങ്ങൾ, സോപ്പ്, എന്നിവക്ക് പുറമെ സ്കൂൾ ഹരിതാഭമാക്കുന്നതിനായി ഫല വൃക്ഷ തൈകളും ഔഷധസസ്യങ്ങളും മാത്രമല്ല ഉച്ചഭക്ഷണവിഭവങ്ങൾ ഒരുക്കുന്നതിനായി ചക്കയും നാളികേരവുമെല്ലാം ഈ അധ്യാപകനാണ് എത്തിച്ചുനൽകിയത്.
നാട്ടുകൈ നീട്ടമെന്ന് പേരിട്ട വിഭവ വണ്ടി മജീദ് മാസ്റ്ററുടെ പന്നിക്കോട്ടെ വീട്ടിൽ നിന്നുമാണ് സ്കൂളിലേക്ക് പുറപ്പെട്ടത്.
വിഭവ വണ്ടി ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം, എസ്എസ്എ ജില്ലാ കോ-ഓർഡിനേറ്റർ വി. വസിഫ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി സി. ഫസൽ ബാബു, രമേശ് പണിക്കർ ,ഉണ്ണി കൊട്ടാരത്തിൽ, ടി.കെ. ജാഫർ, ബഷീർ പാലാട്ട്, സി.വി. മുഖ്മാൻ,ഉസ്സൻ കുവപ്പാറ, ഷാജി പരപ്പിൽ, സാദിഖ് പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
ഭാര്യ കുറ്റിച്ചിറ ഗവ: വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സഫൂറ, മാതാവ് കദീസുമ്മ, മക്കൾ ഹംന മനാൽ, അമൽ ഹനൂൻഎന്നിവരുടെ പൂർണ പിന്തുണയോടെയാണ് പ്രവർത്തനങ്ങളെല്ലാം നടന്നു വരുന്നത്. വിഭവ വണ്ടിയിലേക്കാവശ്യമായ ചക്കയും നാളികേരവും സംഭാവന ചെയ്തതും മജീദ് പുളിക്കലിന്റെ മാതാവാണ്.
രണ്ടാഴ്ച മുൻപ് ഒരു അറബി പ്രവേശനോത്സവഗാനം നിർമിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പുതിയ മാനം നൽകാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പന്നിക്കോട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടായ്മയുടെ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം നടന്നു വരുന്നത്. കക്കോടി സ്കൂളിലും വിഭവ വണ്ടിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
സ്വീകരണ യോഗം സി. ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദ രമേശ് പണിക്കരിൽ നിന്ന് വിഭവങ്ങൾ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക പിലസിത, അധ്യാപകരായ ഓമന അംബിക, രോഹിണി എന്നിവർ പ്രസംഗിച്ചു.