കോട്ടയം:ശിശു ദിനത്തിൽ കുട്ടികൾക്ക് മുന്നിൽ കടുകട്ടി പ്രസംഗം നടത്തി കൈയടി നേടുന്നവരിൽ നിന്നും ഏറെ വ്യത്യാസ്തയാവുകയാണ് ഒരു അധ്യാപിക. ഓട്ടൻതുള്ളലിന്റെ മാതൃകയിൽ പാട്ടു പാടിയും ചുവടുകളനക്കിയും ഇവർ കുട്ടികൾക്ക് പറഞ്ഞു നൽകിയത് ജവഹർലാൽ നെഹ്റുവിന്റെ കഥയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഇതിന്റെ പേരിൽ ഈ അധ്യാപിക ഏറെ പഴി കേൾക്കേണ്ടി വന്നെങ്കിലും അവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മറ്റൊരു അധ്യാപിക.റസീന റാസ് എന്ന അധ്യാപികയാണ് ഈ അധ്യാപികയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഈ വീഡിയോയിലുള്ള ടീച്ചർ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും വ്യക്തമല്ല. എന്നാൽ ഈ വീഡിയോയ്ക്ക് സോഷ്യൽമീഡിയയിൽ ഒരു ഭാഗത്ത് അഭിനന്ദന പെരുമഴയും മറുഭാഗത്ത് വിമർശന കൊടുങ്കാറ്റുമാണ്.
ഇവർക്ക് ബാധ കയറിയോ, ഇങ്ങനെയൊക്കെ ചെയ്യാമോ തുടങ്ങിയ ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. എന്നാൽ അത് കണ്ടുനിൽക്കുന്ന പെണ്കുട്ടികളെ കുറിച്ചാണ് താൻ ഓർക്കുന്നതെന്ന് റസീന പറയുന്നു. സ്വന്തം ശരീരത്തിൻറെ ചലന സാധ്യതകളെക്കുറിച്ച് വലിയ ഒരു സന്ദേശം കൂടിയാണ് ഈ അധ്യാപിക അവർക്കു മുന്പിൽ അവതരിപ്പിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.
‘ടീച്ചർ, താങ്കൾ ആരെന്നു എനിക്ക് അറിഞ്ഞുകൂടാ. വടിവൊത്ത സാരി, വിനയം തുളുന്പുന്ന വാക്കുകൾ, സൗമ്യമായ ചിരി, ഭൂമി അറിയാത്ത ചലനം. ഇത്തരം പതിവ് ടീച്ചർ നാട്യങ്ങളിൽ നിന്നെല്ലാം മോചിതയായ താങ്കളെ പരിഹാസപാത്രമാക്കുന്നത് കണ്ട് തളരാതിരിക്കുക. ’ശരീരം എന്ന തടവറയിൽ നിന്നും മോചിപ്പിക്കപ്പെട്ട താങ്കൾക്കെന്റെ അഭിവാദ്യങ്ങൾ എന്നു പറഞ്ഞാണ് റസീന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.