വാഷിംഗ്ടൻ: പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വർഷം തടവ്. അരിസോണയിലെ ഗുഡ്ഡിയർ സ്വദേശിനി ബ്രിട്ട്നി സമോറ എന്ന ഇരുപത്തിയെട്ടുകാരിയെയാണു യുഎസ് കോടതി ശിക്ഷിച്ചത്.
ആറാം ക്ലാസ് വിദ്യാർഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ലാസ് ബ്രിസാസ് അക്കാദമിയിൽ അധ്യാപികയായ ബ്രിട്ട്നി അറസ്റ്റിലായത്. ക്ലാസ് മുറിയിൽ മറ്റൊരു വിദ്യാർഥി നോക്കിനിൽക്കെ അധ്യാപിക കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
കുട്ടിയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സെൻട്രി പേരന്റൽ കണ്ട്രോൾ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി കുട്ടിയുടെ പോറ്റമ്മയ്ക്കു വിവരം ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ നിന്നുൾപ്പെടെ കുട്ടികളുടെ ഫോണിലേക്കു ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവയെപ്പറ്റി മാതാപിതാക്കൾക്ക് അറിയിപ്പ് നൽകുന്ന ആപ്പാണിത്.
തുടർന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികയുടെ അതിക്രമങ്ങൾ വെളിപ്പെടുത്തുന്നത്. ബ്രിട്ട്നി കോടതിയിൽ കുറ്റം സമ്മതിച്ചു. കഴിഞ്ഞ മാർച്ച് മുതൽ ബ്രിട്ട്നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയിൽ ഉൾപ്പെടും. ജയിലിൽനിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്നിയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു.