കുട്ടികൾ നന്നായി പഠിക്കുന്നതിനു പല അടവുകളും പയറ്റാറുള്ളവരാണ് മാതാപിതാക്കളും അധ്യാപകരും. പണ്ടൊക്കെ പഠിക്കാതെ വന്നാൽ ചുട്ട അടിയാണ് കൊടുത്തിരുന്നത്. ചിലരെ അധ്യാപകർ ക്ലാസിൽ നിന്നും ഇറക്കി വിടാറുമുണ്ടായിരുന്നു.
കുട്ടിയോട് നന്നായിപഠിക്കാൻ ചൈനയിൽ ഒരു അധ്യാപകൻ ചെയ്ത സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നന്നായി പഠിക്കാമെന്ന് ഇയാൾ വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുകയാണ്. അതിനെന്താ നല്ലതല്ലേയെന്ന് ആദ്യം കേൾക്കുന്നവർക്ക് തോന്നും. എന്നാൽ പ്രതിജ്ഞാ വാചകം കേട്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി.
‘ഞാൻ ക്ലാസ് മുറിയിൽ പഠിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല, അല്ലാത്തപക്ഷം എന്റെ കുടുംബം മുഴുവൻ മരിക്കും. ആദ്യം അച്ഛനും പിന്നെ അമ്മയും മരിക്കു’. ഇതായിരുന്നു പ്രതിജ്ഞ. ഇത് ചൊല്ലുക മാത്രമല്ല, വിദ്യാർത്ഥികളിൽ നിന്നും ഇയാൾ എഴുതി വാങ്ങിക്കുകയും ചെയ്തു.
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സെക്കൻഡറി സ്കൂൾ അധ്യാപകനായ വാങ്ങ് ആണ് തന്റെ ക്ലാസിലെ വിദ്യാർത്ഥികളെകൊണ്ട് പ്രതിജ്ഞ ചൊല്ലിപ്പിച്ചത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് വാങ് രംഗത്തെത്തിയെങ്കിലും സ്കൂൾ അധികൃതർ ഇയാളെ പിരിച്ചുവിട്ടു.