കോട്ടയം: സ്ഥലംമാറ്റം ലഭിച്ച അധ്യാപകർ പോകുന്നതു വിതുന്പലോടെ നോക്കിനിന്നു വിദ്യാർഥികൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിദ്യാർഥികൾ അധ്യാപകരെ യാത്രയാക്കിയത് അരീപ്പറന്പ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ്.
സ്ഥലംമാറ്റം ലഭിച്ച അധ്യാപകനെ പോകാൻ അനുവദിക്കാതെ “അയ്യോ സാറേ പോകല്ലേ’’എന്നു കരഞ്ഞു പറഞ്ഞ് സാറിന്റെ കാലു പിടിക്കുന്നതും അധ്യാപകനെ സ്കൂളിൽനിന്നു പോകാൻ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുന്നതുമായ തമിഴ്നാട്ടിലെ സ്കൂളിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ അടുത്തിയിടെയാണു വൈറലായതാണ്.
അതിനു സമാനമായ സംഭവമാണ് ഇന്നലെ അരീപ്പറന്പ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായത്. ഇവിടുത്തെ ഏഴ് അധ്യാപകരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഇതിൽ വിദ്യാർഥികൾക്കു പ്രതിഷേധവും സങ്കടവുമുണ്ട്.
കഴിഞ്ഞദിവസം രാത്രിയാണ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. ഇന്നലെ രാവിലെ നാല് അധ്യാപകർ മറ്റുസ്ഥലങ്ങളിലേക്കു പോയി. ഇവർ പോകുന്ന സമയത്ത് വിദ്യാർഥികളിൽ പലരും കരഞ്ഞു. ചിലർ ദുഃഖം ഉള്ളിലൊതുക്കി വിതുന്പി. നല്ല അധ്യാപകരുടെ നഷ്ടം ഉള്ളിലൊതുക്കി പലരും വിതുന്പുന്നുണ്ടായിരുന്നു.