പത്തനാപുരം: വീടിന്റെ അകത്തളങ്ങളില്‍ വെറുതേയിരുന്ന് നേരംപോക്കുന്നവര്ക്കിടയില് വ്യത്യസ്തയാകുകയാണ് തലവൂര്‍ ദേവീ വിലാസം ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യപികയായ ശ്രീലേഖാ രാജീവ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങള്‍ ആനന്ദകരമാക്കുകയാണ് എൻഎസ് എസ് പ്രോഗ്രാം ഓഫീസര്‍ കൂടിയായ ഈ അധ്യാപിക .
തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ ദിനങ്ങള്‍ എങ്ങനെ തള്ളി നീക്കുമെന്ന ആശങ്ക എല്ലാവരേയും പോലെ തന്നെ ശ്രീലേഖയേയും അലട്ടിയിരുന്നു. പക്ഷേ ഒരുദിവസം കഴിഞ്ഞപ്പോഴേക്കും അതെല്ലാം മാറി മറിഞ്ഞു.
യൂടൂബിലൂടെ കണ്ടു പഠിച്ച ആര്‍ട്ട് വര്‍ക്കിന്റെ പിറകേയാണ് ഈ വീട്ടമ്മയിപ്പോള്‍. നാം വേണ്ടെന്ന് വെച്ച് വലിച്ചെറിയുന്ന കുപ്പികള്‍ക്ക് നിറങ്ങള്‍ നല്കി ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കി മാറ്റുന്നു.ലോക്ക് ഡൗണ്‍ തുടങ്ങി മൂന്നാമത്തെ ദിവസം മുതലാണ് ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയത്. അതിപ്പോള്‍ പത്തെണ്ണമായി. അടുത്തതിന്റെ പണിപ്പുരയിലാണ് ശ്രീലേഖ.
ചണവും ചെറിയ കയറും പെയിന്റും ഉപയോഗിച്ചാണ് നിര്‍മാണം. അമ്മയുടെ ആര്‍ട്ട് വര്‍ക്ക് കണ്ട് മക്കളായ അനിരുദ്ധും അധിരഥും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സമയംപോക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവര്‍ക്ക് മാതൃകയായാണ് പത്തനാപുരം കമുകുംചേരിയിലെ രാജീവം എന്ന ഇവരുടെ വീട്.
പറമ്പിലുണ്ടായിരുന്ന കൃഷി ടെറസില്‍ കൂടി ആരംഭിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അധ്യാപിക പറയുന്നു. ഇതിന്റെ ഇടയില്‍ വീട്ടുജോലിയും വായനയും കൂടി ആയപ്പോള്‍ സമയം തികയാറേയില്ലന്നാണ് ശ്രീലേഖ പറയുന്നത്. എല്ലാറ്റിനും പിന്തുണയുമായി പിടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കൂടിയായ ഭാര്‍ത്താവ് രാജീവും കൂടെയുണ്ട്.