കാട്ടാക്കട: കാട്ടുമൃഗങ്ങള്‍ ആര്‍ത്തുല്ലസിക്കുന്ന കാട് താണ്ടി പോയി പഠിപ്പിക്കുന്ന ടീച്ചര്‍. വള്ളം കയറണം, ഏഴ് കിലോമീറ്റര്‍ കാടും താണ്ടണം. പിന്നെ കാത്തിരിക്കുന്ന കുട്ടികളെ പഠിപ്പിക്കണം. അവര്‍ക്ക് ആഹാരവും പാകം ചെയ്ത് നല്‍കണം. ഏകാധ്യാപക വിദ്യാലയത്തിന്റെ എല്ലാം എല്ലാമാണ് ഉഷ എന്ന അധ്യാപിക. അമ്പൂരി പഞ്ചായത്തിലെ കുന്നത്തുമല എന്ന ആദിവാസി കോളനിയിലെ ഏകാധ്യാപിക വിദ്യാലയത്തിലെ ഉഷകുമാരി എന്ന ടീച്ചറുടെ യാത്രകള്‍ തീര്‍ത്തും ദൈന്യതയേറിയതാണ്. ഏകാധ്യാപക വിദ്യാലയത്തിലെ നിയമന ഉത്തരവ് കിട്ടുമ്പോള്‍ ഉഷയ്ക്ക് അഭിമാനമായിരുന്നു.
എന്നാല്‍ പിന്നീട് കിട്ടിയ അനുഭവങ്ങള്‍ ഇവരെ ശരിക്കും അനുഭവമുള്ള ടീച്ചറാക്കി. രാവിലെ ഏഴി ന് വീട്ടില്‍ നിന്നും ഇറങ്ങി കാരിക്കുഴി നെയ്യാര്‍ കടവിലെത്തണം. അവിടെ നിന്നും വള്ളം കയറി വനത്തില്‍ കയറണം. വനത്തിലൂടെ ഏഴു കിലോമീറ്റര്‍ നടക്കണം. നെയ്യാര്‍ കാട്ടിലെ വന്യജീവികളുടെ സങ്കേതത്തിലൂടെയാണ് പോകേണ്ടത്. കനത്ത മഴയിലും വേനലിലും കാട്ടു മൃഗങ്ങളെ ഭയന്ന് സ്കൂളിലെത്തിയാല്‍ കാത്തിരിക്കുന്നത് കുട്ടികള്‍. ഇവരെ പഠിപ്പിക്കണം.
ഇവര്‍ക്ക് കഴിക്കാനുള്ള ആഹാരവും ഉണ്ടാക്കുന്ന ചുമതലയും ഉഷയ്ക്കാണ്. വൈകുന്നേരം മൂന്നിന് മടക്കം. കാട്ടിലൂടെ നടന്ന് വള്ളം കയറി തിരിച്ച് വീട്ടിലെത്തുമ്പോള്‍ വൈകുന്നേരം ആറാകും. ഒരു ദിവസത്തെ ഉഷയുടെ ജീവിതം ഇങ്ങനെയാണ്. കുട്ടികളുടെ സ്‌റ്റൈപന്റ് വാങ്ങാന്‍ പോകുക, അവര്‍ക്കുള്ള സൗജന്യ അരി വാങ്ങാന്‍ പോകുക തുടങ്ങി എല്ലാകാര്യങ്ങള്‍ക്കും ഉഷാകുമാരിയാണ് പോകേണ്ടത്. പലപ്പോഴും സ്കൂളില്‍ താമസിപ്പിച്ച് പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്.
മഴയത്ത് കാട് താണ്ടി എത്താന്‍ കഴിയാത്ത നില വരും. കുത്തൊഴുക്കില്‍ നെയ്യാര്‍ താണ്ടി കരയില്‍ എത്താനും കഴിയില്ല. അന്ന് വള്ളവും ഉണ്ടാകില്ല. അപ്പോള്‍ അവിടെ തങ്ങും അവിടെയും കാട്ടുമൃഗങ്ങളെ ഭയന്നു വേണം കഴിയാന്‍. ഈ പ്രതികൂല സാഹചര്യത്തിലും അധ്യാപനം ഉപേക്ഷിക്കാന്‍ ഉഷ തയ്യാറായിട്ടില്ല.
ഈ വിദ്യാലയത്തില്‍ ഇന്ന് അഞ്ച് കുട്ടികളാണ് പഠിക്കാന്‍ എത്തുന്നത്. പുറം നാട്ടിലെത്തി പഠിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ സ്കൂളാണ് ഇത്. ഇതുവരെ ഉഷ ടീച്ചര്‍ക്ക് സ്ഥിര നിയമനം നല്കിയിട്ടില്ല. സമയത്തിന് കിട്ടേണ്ട ഓണറേറിയം പോലും കിട്ടാത്ത നില. കടുത്ത സാമ്പത്തിക വിഷമത്തിലും അത് വക വയ്ക്കാതെ കാട് താണ്ടി പഠിപ്പിക്കാന്‍ പോകുകയാണ് ഈ അധ്യാപിക.