മുക്കം: നിപയെന്ന മാരക രോഗത്തെ അതിജീവിച്ച സമയത്ത് പലരും അകറ്റി നിർത്താൻ ശ്രമിച്ചപ്പോൾ തന്നെ ചേർത്ത് പിടിച്ച് ആത്മവിശ്വാസം പകർന്ന കേരളത്തിന്റെ ടീച്ചറമ്മയെ കാണാനായി അജന്യ വീണ്ടുമെത്തി. ഒരിക്കലും പറഞ്ഞാൽ തീരാത്ത നന്ദിയാണ് ടീച്ചറമ്മയോടെന്ന് അജന്യ പറഞ്ഞു.
നിപ്പയിൽ നിന്ന് പൂർണ്ണമായും മോചിതമായ സമയത്തും ജനങ്ങളെ അഭിമുഖീകരിക്കാൻ വലിയ പ്രയാസമായിരുന്നു. ജനങ്ങൾ എങ്ങിനെ പ്രതികരിക്കുമെന്ന ഭയമായിരുന്നു.
തന്നെ സന്ദർശിക്കാൻ വരുന്നവർ മുഴുവനും മുഖത്ത് മാസ്ക് ധരിച്ചായിരുന്നു വന്നിരുന്നത്. ഈ സമയത്താണ് ഒരു മാസക് പോലും ധരിക്കാതെ ടീച്ചർ തന്നെ ചേർത്ത് പിടിച്ചത്. ഇതാണ് തനിക്ക് പിന്നീട് ധൈര്യത്തോടെ പുറത്തിറങ്ങാൻ സാധിച്ചതിന് പിന്നിലെന്നും അജന്യ പറഞ്ഞു.
2018 മെയ് 18നാണ് അജന്യയെ നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിമിറ്റ് ചെയ്തത്. മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജൂൺ 11 ന് ഡിസ്ചാർജ് ചെയ്തു. ജൂൺ 10നാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അജന്യയെ സന്ദർശിച്ചത്.
അച്ഛൻ ശ്രീധരനും അമ്മ വിജിതയ്ക്കുമൊപ്പമായിരുന്നു ബാലുശേരി ചെങ്ങോട്ട്കാവ് ചേലിയ വീട്ടിൽ അജന്യ എത്തിയത്. ഇപ്പോൾ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ അജന്യ നഴ്സിംഗ് മേഖലയിൽ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത്.
കൊടിയത്തൂരിൽ തടിച്ച് കൂടിയ നാട്ടുകാർക്ക് മുന്നിൽ തന്റെ അനുഭവം പങ്കുവയ്ക്കുവാനും അജന്യ തയാറായി. ലിനി ഉൾപ്പെടെയുള്ളവർക്ക് രോഗം പിടിപെട്ട അവസ്ഥയിൽ തങ്ങൾ ഏറെ ആശങ്കയിലായിരുന്നു എന്നും ടീച്ചറമ്മ തന്ന ധൈര്യം തന്നെയാണ് തങ്ങൾക്ക് മുന്നോട്ട് പോവാൻ ശക്തി തന്നതെന്നും മാതാപിതാക്കൾ പറഞ്ഞു.
പരിപാടിയെല്ലാം കഴിഞ്ഞ് പഞ്ചായത്തിന്റെ ആദരവും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയാണ് അജന്യ മടങ്ങിയത്.