മുക്കം: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിരമിച്ച അധ്യാപകരുടെ ഒഴിവുകൾ നികത്താത്തത് മൂലം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കഴിഞ്ഞ മാർച്ച് 31ന് നിലവിലെ അധ്യയന വർഷത്തെ വിരമിക്കൽ കൂടി കഴിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
2020ൽ വിരമിച്ച അധ്യാപകരുടെ ഒഴിവുകളും ഇതുവരെ നിർത്തിയിട്ടില്ല. മിക്ക ജില്ലകളിലേയും സർക്കാർ പ്രൈമറി സ്കൂളുകളിലെയും പ്രധാനാധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ബാക്കിയുള്ള കാര്യങ്ങൾ നോക്കേണ്ടത് അധ്യാപകരാണ്.
എന്നാൽ സംസ്ഥാനത്തെ പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ലാത്തത് മൂലം തുടർപ്രവർത്തനങ്ങൾ അവതാളത്തിലായ നിലയിലാണ്. ഇതുമൂലം പല അധ്യാപകർക്കും ഇരട്ടിഭാരവും ചുമലിലേറ്റേണ്ട അവസ്ഥയാണ്.കോവിഡ് മൂലം സ്കൂളുകൾ അവധിയാണെങ്കിലും അധ്യാപകർക്ക് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കേണ്ട ചുമതലയുണ്ട്.
ഇത്തവണത്തെ വെക്കേഷൻ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. നിയമപരമായി ജനുവരി മുതൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് നൽകുന്ന ഓൺലൈൻ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾ നടത്താൻ അധ്യാപകരില്ല എന്നതാണ് സ്കൂളുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി. ഓൺലൈൻ പഠനക്ലാസിലെ 75 ശതമാനം പ്രവർത്തനങ്ങളും നടത്തേണ്ടത് അധ്യാപകരാണ്.
നിലവിൽ ഓൺലൈൻ ക്ലാസുകൾ കൃത്യമായി പിന്തുടരുന്ന വിദ്യാർഥികളുടെ എണ്ണം വളരെ കുറവാണെന്ന് അധ്യാപകർ പറയുന്നു. മുന്പ് പരീക്ഷ ഉണ്ടെന്ന് പറഞ്ഞാണ് വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പിടിച്ചിരുത്തിയിരുന്നത്. എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ സർക്കാർ പ്രമോഷൻ പ്രഖ്യാപിച്ചതിനാൽ ഓൺലൈൻ പഠനപ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുവാൻ രക്ഷിതാക്കളും വലിയ താത്പര്യം കാണിക്കുന്നില്ല.
ഇതിനെ തുടർന്ന് വിദ്യാർഥികളെ ഓൺലൈൻ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവരാൻ അധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം തുടങ്ങിയിട്ടുണ്ട്. ഇതിലും അധ്യാപക ക്ഷാമം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദ്യാർഥികളുടെ പ്രമോഷൻ പ്രവർത്തനങ്ങളേയും അധ്യാപകരുടെ കുറവ് ബാധിച്ചിട്ടുണ്ട്.
എസ്എസ്എയുടെ വർക്ക്ഷീറ്റ് അടിസ്ഥാനത്തിൽ വർഷാന്ത്യ വിലയിരുത്തൽ നടത്തി വിദ്യാർഥികളുടെ പ്രമോഷൻ ലിസ്റ്റ് മെയ് 20 നകം പ്രസിദ്ധീകരിക്കണം. കുട്ടികൾക്ക് ലഭിച്ച ഗ്രേഡും സ്കോറും അധ്യാപകർ രേഖപ്പെടുത്തിവയ്ക്കുകയും വേണം.
പിഎസ്സി വഴി പലർക്കും നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി സ്കൂളുകൾ തുറക്കാത്തത് മൂലം പല ഉദ്യോഗാർഥികൾക്കും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.