ഹെന്‍ട്രി ജോൺ കല്ലട
കുണ്ടറ: കിഴക്കേകല്ലട സിവികെഎം ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സംസ്കൃത അധ്യാപകൻ ഡി. ജയിംസിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമായി.
ലളിത ജീവിതത്തിന് ഉടമയും അനുകരണീയനായ അധ്യാപകനുമാണ് ഇദ്ദേഹമെന്നാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും സഹപ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നത്.
1999ൽ ലക്ഷദ്വീപിലെ കവരത്തി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടായിരത്തിൽ സിവികെഎം ഹയർ സെക്കന്ററി സ്കൂളിൽ സംസ്കൃത അധ്യാപകനായി.
2004 മുതൽ 2012 വരെയുള്ള കാലഘട്ടം സ്കൂളിൽ പ്രിൻസിപ്പലായി ജോലി നോക്കി. തുടർന്ന് കരിയർ ഗൈഡൻസ് ജില്ലാ കോ-ഓർഡിനേറ്ററായി. നിലവിൽ ഹയർ സെക്കന്ററി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഉത്തിഷ്ഠത പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
ഹയർ സെക്കന്ററി വിഭാഗത്തിലെ 30 അധ്യാപകരുടെ കൂട്ടായ്മയാണ് ഉത്തിഷ്ഠത പദ്ധതി. കൊല്ലത്തെ കോവിഡ് സെന്ററിൽ വെൽഫയർ ഓഫീസറാണിപ്പോൾ. അധ്യാപനത്തിന് പുറമെ സാമൂഹ്യസേവനവും ഇദ്ദേഹത്തിന് പ്രിയങ്കരമാണെന്നതിന് തെളിവാണ് ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ.
കുണ്ടറ പെരുന്പുഴ കല്ലുപാലക്കട തുണ്ടുവിള പുത്തൻവീട്ടിൽ സി. ഡാനിയേലിന്റെയും മേരിയുടെയും മകനാണ് ഡി. ജയിംസ്. ഭാര്യ ജിബിമോൾ കരിക്കോട് ടികെഎം ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയാണ്. ആൽബിൻ ജെയിംസ്, ആരതി ജെയിംസ് എന്നിവർ മക്കളാണ്.
സിവികെഎം ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണകിരീടത്തിന് പൊൻതൂവലാണ് ഡി. ജയിംസിന് ലഭിച്ച വിലപ്പെട്ട അവാർഡെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.