പോൾ മാത്യു
തൃശൂർ: പെൻഷൻ ആനുകൂല്യങ്ങൾ അട്ടിമറിച്ച സർക്കാർ നടപടിക്കെതിരെ അധ്യാപകർ കൂട്ടത്തോടെ ഹൈക്കോടതിയിൽ. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തിനു വിരുദ്ധമായി നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾവരെ ഇല്ലാതാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് നീതിതേടി ആയിരത്തിലധികം അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അധ്യാപകരുടെ ഹ്രസ്വകാല അവധി ഒഴിവുകളിലെ(ബ്രോക്കണ്‍ സർവീസ്) സേവനകാലം ഇനിമുതൽ പെൻഷനു പരിഗണിക്കേണ്ടതില്ലെന്ന 2016 ഓഗസ്റ്റ് അഞ്ചിലെ സർക്കാർ ഉത്തരവാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഭൂരിപക്ഷം വരുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരെയാണ് ഇതു പ്രധാനമായും ബാധിക്കുന്നത്. ഈ ഉത്തരവു മൂലം റഗലുർ തസ്തികയ്ക്കു മുന്‍പുള്ള നിരവധി മാസത്തെ സർവീസ് പെൻഷനു പരിഗണിക്കാതെയായി.
വിവിധ കോർപറേറ്റ് മാനേജ്മെന്റുകളിൽ ജോലി ചെയ്യുന്നവർ നിരവധി ഹ്രസ്വകാല ഒഴിവുകളിൽ സേവനം ചെയ്തതിനുശേഷമാണ് റഗുലർ തസ്തികയിൽ പ്രവേശിക്കുന്നത്. പലരും മൂന്നും നാലും വർഷം ഇത്തരത്തിൽ ജോലി ചെയ്തവരാണ്. നിലവിൽ മുപ്പതുവർഷത്തെ സർവീസുണ്ടെങ്കിലാണ് മുഴുവൻ പെൻഷനു പരിഗണിക്കുക. വൈകി ജോലിയിൽ പ്രവേശിച്ചവർക്കെല്ലാം സർക്കാർ ഉത്തരവ് തിരിച്ചടിയായി. ഇതു മൂലം റിട്ടയർ ചെയ്യുന്നവർക്കു ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, മാസാമാസം ലഭിക്കുന്ന പെൻഷൻ എന്നിവയിൽ ഗണ്യമായ നഷ്ടമാണ് സംഭവിക്കുന്നത്.
25 വർഷവും അഞ്ചുമാസവും റഗുലർ സർവീസുണ്ടായിരുന്ന ഒരധ്യാപികയ്ക്കു ബ്രോക്കണ്‍ സർവീസായി നാലുവർഷവും ഒന്‍പതു മാസവും ഉണ്ടായിരുന്നു. എന്നാൽ ബ്രോക്കണ്‍ സർവീസ് കണക്കാക്കാതിരുന്നതിനാൽ പെൻഷനിലും മറ്റാനുകൂല്യങ്ങളിലും വൻ നഷ്ടമാണ് ഉണ്ടായത്. 29,850 രൂപ മാസം ഫുൾ പെൻഷൻ ലഭിക്കേണ്ടിടത്ത് 24,875 രൂപ മാത്രമാണ് ലഭിക്കുന്നത്. മാസം 4975 രൂപയാണ് നഷ്ടം.
ഗ്രാറ്റുവിറ്റി ഇനത്തിൽ മുപ്പതുവർഷം കണക്കാക്കിയാൽ 10,41,390 രൂപ ലഭിക്കണം. എന്നാൽ ബ്രോക്കണ്‍ സർവീസ് കൂട്ടാത്തതിനാൽ ലഭിച്ചത് 8,67,825 രൂപ. നഷ്ടം 1,73,565 രൂപ. കമ്യൂട്ടേഷൻ ഇനത്തിൽ ലഭിക്കേണ്ടത് 15,90,408 രൂപ. ലഭിച്ചതു 13,25,340 രൂപ. നഷ്ടം 2,65,068. ഇത്തരത്തിലാണ് ബ്രോക്കണ്‍ സർവീസ് കൂട്ടാത്തവർക്കു ഫുൾ പെൻഷൻ ലഭിക്കാൻ സാഹചര്യമുണ്ടായിട്ടും നഷ്ടമാകുന്നത്. ആയിരക്കണക്കിന് അധ്യാപകർക്കാണ് ഇത്തരത്തിൽ നഷ്ടം ഉണ്ടാകുന്നത്.
ഈ സാഹചര്യത്തിലാണ് 2016ലെ ഉത്തരവിനെതിരെ ഒരു കൂട്ടം അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചത്. 2017 ഓഗസ്റ്റ് 14ന് കോടതി സർക്കാർ ഉത്തരവ് റദ്ദാക്കുകയും, നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ സർക്കാർ ഹൈക്കോടതി വിധിയെ മറികടക്കാൻ 2018 മാർച്ച് 21ന് പുതിയ ഉത്തരവിറക്കി. സർക്കാർ ഉത്തരവനുസരിച്ച് 2016 ജൂണ്‍ ഒന്നിനുമുന്‍പ് വിരമിച്ചവരുടെ ഹ്രസ്വകാല സർവീസുകൾ മാത്രമേ പെൻഷനു പരിഗണിക്കുകയുള്ളൂ. ഈ ഉത്തരവിനു നിയമസാധുത ഉറപ്പുവരുത്താൻ സർവീസ് ചട്ടങ്ങളിൽ ഭേദഗതി ചെയ്യാനും ഒരുങ്ങുകയാണ് സർക്കാർ.
സംസ്ഥാനത്തെ അധ്യാപകർക്ക് 1968 മുതൽ നിലവിലുള്ള ആനുകൂല്യം ഇല്ലാതാക്കുന്നതു വഞ്ചനാപരമാണെന്നും, സർക്കാർ നയം തിരുത്തണമെന്നും ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കാൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആയിരക്കണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകരുടെ പെൻഷൻതുക കവർന്നെടുക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി അധ്യാപകർക്കിടയിൽ വൻ പ്രതിഷേധമാണുയരുന്നത്.