പത്തനംതിട്ട: അധ്യാപക ജീവിതത്തിന്റെ തുടക്കത്തിൽ പരിശീലിച്ച പാവകളി എന്ന കലാരൂപത്തെ റിട്ടയർമെന്റ് ജീവിതത്തിലും എം.എം. ജോസഫ് മേക്കൊഴൂർ ക്ലാസ് മുറികളിലേക്ക് എത്തിച്ചു ശ്രദ്ധേയനാണ്.1993 ലാണ് ബോധനമാധ്യമമെന്ന നിലയിൽ പാവനാടകത്തെ ജോസഫ് സാർ സ്വീകരിക്കുന്നത്.
ന്യൂഡൽഹി സിസിആർടി(സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ്)യിൽ നിന്നാണ് പപ്പട്രി ഫോർ എഡ്യുക്കേഷൻ എന്ന വിഷയത്തിൽ പ്രത്യേക പരിശീലനം നേടുന്നത്. സ്വന്തം ക്ലാസ് മുറികളിൽ ഈ ബോധനവിദ്യ പ്രയോജനപ്പെടുത്തിയതോടൊപ്പം രാജ്യത്തെ മറ്റു വിദ്യാലയങ്ങളിലും അധ്യാപകപരിശീലന കേന്ദ്രങ്ങളിലും ഈ വിദ്യ പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം പിശുക്കു കാട്ടിയില്ല.
എൻഎസ്എസ്, സ്കൗട്ട്, അങ്കണവാടി, ടിടിഐ, ബിഎഡ്, സ്കൂളുകൾ തുടങ്ങിയവയിലൂടെ അഞ്ഞൂറിലധികം ശില്പശാലകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.പത്തനംതിട്ട തൈക്കാവ് ഗവൺമെന്റ് എച്ച്എസ്എസിൽ നിന്ന് 2021ലാണ് വിരമിച്ചത്. സ്കൂളുകളിൽ ജോലി നോക്കുന്പോഴും പാവകളിയിലൂടെ എം.എം. ജോസഫിന്റെ ക്ലാസുകൾ ശ്രദ്ധേയമായിരുന്നു.
ദീർഘകാലം സേവനം ചെയ്ത കടമ്മനിട്ട ഗവൺമെന്റ് എച്ച്എസ്എസിൽ ഭൈരവി പാവനാടക വേദി എന്ന ഒരു സംഘടന തന്നെ കുട്ടികളെ ചേർത്ത് രൂപീകരിച്ചിരുന്നു.യൂണിസെഫും കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസവകുപ്പും കുട്ടികളുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന കലാരൂപമെന്ന നിലയിൽ പാവനാടകത്തെ ക്ലാസ് മുറികളിലേക്കു സ്വാഗതം ചെയ്യുന്നുണ്ട്.
പാവകളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ കൂടാതെ തായ്ലാൻഡ്, യുകെ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.ബോധവത്കരണ -പരസ്യ മേഖലകളും പാവനാടകത്തെ നല്ലൊരു മാധ്യമമായി ഇന്ന് സ്വീകരിച്ചിട്ടുണ്ടെന്ന് എം.എം. ജോസഫ് പറഞ്ഞു.
ടെൻ നയൻ എയ്റ്റ് എന്ന പാവനാടകം ചൈൽഡ് ലൈനിനുവേണ്ടി ഇദ്ദേഹം തയാറാക്കിയതാണ്. വായന അതല്ലേ എല്ലാം, പത്തനംതിട്ടപ്പെരുമ, സഡാക്കോ സസാക്കി തുടങ്ങിയ പാവനാടകങ്ങളും ജോസഫ് സാറിന്റെ മാസ്റ്റർപീസുകളാണ്.