തിരുവനന്തപുരം: അധ്യാപകർക്ക് പുനർ വിദ്യാഭ്യാസം അനിവാര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി.വെള്ളയന്പലം ടിഎസ്എസ്എസ് ഹാളിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന “സാധ്യം 2021 ‘ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അധ്യാപകർ പാഠഭാഗങ്ങൾ പഠിച്ച് പരീക്ഷയെഴുതിയശേഷം ക്ലാസെടുക്കാൻ പോയാൽ സംശയ രഹിതമായി നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടു പോകാനാകും. ഈ പദ്ധതിയോട് പല അധ്യാപകരും എതിർപ്പു പ്രകടിപ്പിക്കുകയാണ്. അധ്യാപകർക്ക് മികച്ച പരിശീലനം നൽകാൻ സർക്കാർ ഉദേശിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നടപ്പാക്കുന്ന നൂതന പദ്ധതികളുടെ വിജയം മനസിലാക്കി മറ്റു സ്കൂളുകളിലേക്കുകൂടി വ്യാപിക്കുന്നകാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജീവിതത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും വിവിധതലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുമുള്ള കാലമാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. സി. ജോസഫ് പറഞ്ഞു.
ഒരു കുട്ടി ഒരു അധ്യാപകൻ, ഒരു കുട്ടി ഒരു പുസ്തകം, ഒരു കുട്ടി ഒരു ജീവകാരുണ്യ പ്രവർത്തനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു.
ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ഇഗ്നേഷ്യസ് ലയോള അധ്യക്ഷത വഹിച്ചു. മോണ്‍. തോമസ് നെറ്റോ, കഠിനംകുളം സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സ്റ്റീഫൻ പെരേര എന്നിവർ പ്രസംഗിച്ചു. കോർപറേറ്റ് മാനേജർ റവ.ഡോ. വൈ. ഡൈസൻ സ്വാഗതവും ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി നിഷ.പി.ജോസ് നന്ദിയും പറഞ്ഞു.