മുക്കം: നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് വൈകുന്നു. സംഭവശേഷം ഒളിവിൽ കഴിയുന്ന പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെ തുടർന്ന് അധ്യാപകർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അധ്യാപകർക്കെതിരെ പോലീസ് കേസെടുത്ത് ഒൻപത് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. അധ്യാപകരെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കുട്ടികൾ എഴുതിയ ഉത്തരക്കടലാസുകൾ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത വരൂ.
ഇത് കണ്ടെടുക്കാനുള്ള ശ്രമവും പോലിസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻ കോടതിയിൽ അഡ്വ. അശോകൻ മുഖേന അധ്യാപകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 23 ന് കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം ലഭിക്കാനിടയില്ലെന്നാണ് സൂചന.
അതേസമയം ഭരണപക്ഷ അധ്യാപക സംഘടന പ്രവർത്തകരായ പ്രതികളെ സഹായിക്കാൻ ഗൂഢാലോചന നടക്കുന്നതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അധ്യാപകരുടെ അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് ആരോപണം.
നിലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ. റസിയ, ഇതേ സ്കൂളിലെ അധ്യാപകനും പരീക്ഷ അഡീഷനൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസൽ എന്നിവരാണ് കേസിലെ പ്രതികൾ.
സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പരീക്ഷ ഡെപ്യട്ടി ചീഫ് പി.കെ. ഫൈസൽ നിരപരാധിയാണെന്ന വാദവുമായി അദ്ദേഹം ജോലി ചെയ്യുന്ന ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഡെപ്യൂട്ടി ചീഫ് എന്ന നിലയിൽ പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകൾ കവറിലാക്കി സീൽ ചെയ്ത് നൽകുക മാത്രമാണ് ഇദ്ദേഹത്തിന്റെ ചുമതലയെന്നും തുടർന്ന് വരുന്ന ക്രമക്കേടിന് ഇയാൾ ഉത്തരവാദിയല്ലെന്നുമാണ് പിടിഎ കമ്മിറ്റിയുടെ വാദം. രേഖ തിരുത്തൽ, ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.