മുക്കം: നീലേശ്വരം ഹയർ സെക്കന്‍ഡറിസ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികളുടെ മൊഴിയെടുത്തു. വിദ്യാഭ്യാസ വകുപ്പ് പരീക്ഷ വിഭാഗം ഹയർ സെക്കന്‍ഡറി ജോ. ഡയറക്ടർ ഡോ. എസ്.എസ് വിവേകാനന്ദൻ, ഡിഡിആർ ഗോകുലകൃഷ്ണൻ, സൂപ്രണ്ട് അപർണ്ണ എന്നിവർ സ്കൂളിൽ നേരിട്ടെത്തിയാണ് വിദ്യാർഥികളുടെ മൊഴിയെടുത്തത്. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടു.
അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്ക് അറിയില്ലെന്നാണ് ഫലം തടഞ്ഞുവച്ച മൂന്ന് വിദ്യാര്‍ഥികളും മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹയർ സെക്കന്‍ഡറി വിഭാഗം റീജണൽ ഡപ്യൂട്ടി ഡയറക്ടർ ഗോകുലകൃഷ്ണൻ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നത്.
സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പോലിസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണം നാളെ ആരംഭിക്കും.
നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് നിഷാദ് വി. മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ. റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ടെത്തി നൽകിയ പരാതിയിൽ മുക്കം പോലിസ് കേസെടുത്തത്.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസി 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്. മുക്കം എസ്.ഐ അനില്‍കുമാറിനാണ് അന്വേഷണ ചുമതല. അധ്യാപകന് പരീക്ഷയെഴുതിയ കുട്ടികളുടെ കാര്യത്തില്‍ വകുപ്പുതലത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു.