ലക്ഷങ്ങള്‍ ചെലവിട്ട് മക്കളുടെ വിവാഹം മാതാപിതാക്കള്‍ കെങ്കേമമാക്കുന്ന ഇക്കാലത്ത് വ്യത്യസ്തരാകുകയാണ് പൂത്തോട്ട കെപിഎംഎച്ച്എസിലെ ഹൈസ്കൂള്അധ്യാപികമാരായ എ.കെ. സിന്ധുവും ഒ.രജിതയും. ഇരുവരുടെയും മക്കളുടെ വിവാഹത്തിന് ആര്‍ഭാടം ഒഴിവാക്കി ഈ തുകയ്ക്ക് സ്വന്തം സ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങുകയാണ് ഇവരുവരും.
പൂത്തോട്ട എന്‍എന്‍ഡിപി യോഗം പ്രസിഡന്റ് പൂത്തോട്ട ഉണ്ണികൃഷ്ണഭവനത്തില് എ.ഡി. ഉണ്ണികൃഷ്ണന്- സിന്ധു ദമ്പതികളുടെ മകനായ അരവിന്ദ്.യു. കൃഷ്ണയും കളമശേരി ഐടിഐ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം പ്രിന്‍സിപ്പല്‍ പൂത്തോട്ട തേജസില്‍ ഡോ. എസ്.ആര്. സജീവ്- ഒ.രജിത ദമ്പതികളുടെ മകളായ അമൃതലക്ഷ്മിയും തമ്മിലുള്ള വിവാഹം നവംബര്‍ 11 നാണ് നടക്കുന്നത്. ശിവഗിരിയില്‍ ഏറ്റവും ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതാണ് വിവാഹ ചടങ്ങ്. ആര്‍ഭാടം പരമാവധി ഒഴിവാക്കുക എന്ന ഗുരുദേവ ദര്‍ശനം ഉള്‍കൊണ്ട് മക്കളുടെ വിവാഹം ലളിതമായി നടത്തി ബാക്കി തുകയ്ക്ക് സ്കൂളിലെ ഏറ്റവും നിര്‍ധനരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് വീടു നല്‍കാനാണ് ഈ അധ്യാപികമാര്‍ ഒരുങ്ങുന്നത്.
മക്കളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും സന്തോഷമായി. അതോടെ സ്കൂളിന്റെ ഇതിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് എടുത്തു തുടങ്ങി. സ്കൂളില്‍ 33 ഡിവിഷനുകളാണ് ഉള്ളത്. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഇരു കുടുംബങ്ങളും ആ വീടുകള്‍ സന്ദര്‍ശിച്ച് ഏറ്റവും യോഗ്യരായവർ എന്നു തോന്നുന്നവര്‍ക്കാണ് വീടു നല്‍കുക. കുട്ടിയുടെ രക്ഷിതാവിന് മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം, വിധവകള്‍, ഗുരുതരരോഗം ബാധിച്ചവര്‍, മറ്റ് ശാരീരിക അവശതകള്‍ നേരിടുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മുന്‍ഗണന ക്രമവുമുണ്ട്.
500 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ഒരു വീടിന് ഒമ്പതു ലക്ഷം രൂപയാണ് മുതല്‍ മുടക്ക്. ഏപ്രിലില്‍ വീട് നിര്‍മാണം തുടങ്ങി ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. വിവാഹദിനത്തിന് പിറ്റേന്ന്, നവംബര്‍ 12-ന് താക്കോല്‍ കൈമാറാനുള്ള രീതിയിലാണ് തയാറെടുപ്പുകള്‍ നടക്കുന്നത്. പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിലെ ഉത്സവ ആര്‍ഭാട ചടങ്ങുകള്‍ ചുരുക്കി നിര്‍ധനര്‍ക്ക് വീട് വച്ചു നല്കുന്ന ശ്രീ നാരായണവല്ലഭ ഭവനം പദ്ധതിയാണ് തങ്ങളെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ ഇടയാക്കിയതെന്ന് അധ്യാപികമാരായ സിന്ധുവും രജിതയും പറഞ്ഞു.
ബിടെക്, എംബിഎ ബിരുദധാരിയായ അരവിന്ദ് ഇവൈ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. അമൃതലക്ഷ്മി ഫാക്ടില്‍ ജോലി ചെയ്യുന്നു. “രക്ഷിതാക്കള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും താല്പര്യം തോന്നി. ഏറെ ആര്ഭാടത്തില് വിവാഹം നടത്തിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുക. അര്‍ഹരായവര്‍ക്ക് എന്തെങ്കിലും സഹായം നല്കാന് കഴിഞ്ഞാല്‍ അതെല്ലെ ഏറ്റവും സന്തോഷം നല്കുന്ന കാര്യം.’- അരവിന്ദും അമൃതലക്ഷ്മിയും പറഞ്ഞു.
സ്വന്തം ലേഖിക