പാലക്കാട് : സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അത്തരം കേസുകളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ അംഗം സി.ജെ.ആന്റണി പറഞ്ഞു.
കലക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന ബാലാവകാശ സംരക്ഷണ കമ്മീഷൻ സിറ്റിങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചുനങ്ങാടുളള ഒരു സ്വകാര്യ സ്കൂളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷനംഗം ഇത്തരത്തിൽ പ്രതികരിച്ചത്. പരാതി തുടർനടപടിക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. വല്ലപ്പുഴയിലെ സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ലഭിച്ച പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
പരീക്ഷാ ക്രമക്കേടുകൾ, അധ്യാപകർക്കിടയിലെ തർക്കങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് ലഭിച്ച മൊത്തം 14 പരാതികളും സിറ്റിങിൽ പരിഹരിച്ചു. പുതുതായി ലഭിച്ച രണ്ട് പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കും. കമ്മീഷൻ അംഗം എൻ.ശ്രീല മേനോൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ, ചൈൽഡ് ലൈൻ ഡയറക്ടർ ഫാദർ ജോർജ് പുത്തൻചിറ എന്നിവർ സിറ്റിങിൽ പങ്കെടുത്തു.
എല്ലാ കുട്ടികൾക്കും സംരക്ഷണവും ബാലനീതി നിയമപ്രകാരമുള്ള അവകാശങ്ങളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാതല ബാലസംരക്ഷണ സമിതികൾ (ഡി.സി.പി.സി) രൂപീകരിച്ചിട്ടുണ്ട്. ഇതിന് അനുപൂരകമായി പഞ്ചായത്ത് തലത്തിൽ വില്ലേജ് ബാലസംരക്ഷണ സമിതികളും (വി.സി.പി.സി) പ്രവർത്തന സജ്ജമാക്കും.
സംസ്ഥാന ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സമിതിയുടെ ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോചെയർമാൻ ജില്ലാ കലക്ടറുമാണ്. നവംബറിലാണ് ജില്ലാതലസമിതിയുടെ ഉദ്ഘാടനം. ബാലസംരക്ഷണസമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 27ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കമ്മീഷനെ സംബോധന ചെയ്ത് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകളുടെ പകർപ്പ് സഹിതം കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, വാൻ റോസ് ജങ്ഷൻ, തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. ഇതിന് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഫോണ്: 0471-2326603, 2326604.