കോഴിക്കോട്: ജോലിയുണ്ട് പക്ഷേ മൂന്നു വര്‍ഷമായി കൂലിയില്ല..! ഒരു വര്‍ഷത്തെ അനിശ്ചിതത്തിനുള്ളില് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിച്ച എയ്ഡഡ് സ്ക്കൂളിലെ അധ്യാപക അനധ്യാപകര്‍ക്ക് ഇത് ദുരിതങ്ങളുടെ മൂന്നാം വര്‍ഷം.
2016 ജൂണ്‍ മുതല്‍ എയ്ഡഡ് സ്കൂളില്‍ നിയമനം നേടിയ അധ്യാപക അനധ്യാപകര്‍ക്ക് മൂന്നു വര്‍ഷമായിട്ടും ശബളവും നിയമന അംഗീകാരവും ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു വിഭാഗത്തിന് നിയമനവും അംഗീകാരവും ലഭിക്കുമ്പോള്‍ യോഗ്യതയുണ്ടായിട്ടും സര്‍ക്കാര്‍ അംഗീകാരിക്കാതെ തഴയുന്നുവെന്നാണ് അധ്യാപകരുടെ പരാതി. 2016-ഡിസംബര്‍ മൂന്നിന് ഇറക്കിയ കെഇആര്‍ ഭേദഗതിയാണ് നിയമന അംഗീകാരത്തിന് നിലവില്‍ തടസ്സമായി ചൂണ്ടികാണിക്കപ്പെടുന്നത്.
എന്നാല്‍ സുപ്രീംകോടതി ഉത്തരവിറക്കിയപ്പോഴും കേസ് നടക്കുമ്പോഴും നാലു വര്‍ഷത്തെ നിയമനങ്ങളും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് അധ്യാപക അനധ്യാപകരുടെ വാദം. സ്കൂളുകളെ രണ്ടു തരത്തിലാക്കി 1979 മെയ് 22ന് മുമ്പുള്ള സ്ക്കൂളുകളില്‍ അധിക തസ്തിക ഒഴികെ എല്ലാ നിയമനങ്ങളും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ 1979 മെയ് 22-ന് ശേഷമുള്ള സ്ക്കൂളുകളില്‍ ഒരു നിയമനവും അംഗീകരിക്കുന്നില്ല.
കെഇആര്‍ ഭേദഗതിയിലെ ഏഴില്‍ ഒന്നു മുതല്‍ പത്തു പ്രകാരമാണിത്. വിദ്യാഭ്യാസമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒന്നും പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടിയാലുള്ള അധിക തസ്തിക, മരണം രാജി തുടങ്ങിയവ മൂലമുണ്ടാകുന്ന തസ്തികകളും അംഗീകരിക്കുന്നില്ല.
സുപ്രീംകോടതിയില്‍ കേസ് അന്തിമമായി നീണ്ടു പോകുന്ന അവസ്ഥയാണിപ്പോഴുള്ളത്.
ഒരു ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയം നീട്ടികൊണ്ടു പോയി അധ്യാപകരെ ദുരിതത്തിലാക്കുകയാണ് സര്‍ക്കാരിപ്പോള്‍ . നിയമന അംഗീകാരത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് അധ്യാപകരുടെ തീരുമാനം.