സിജോ പൈനാടത്ത്
കൊച്ചി: ഓശാന ഞായറാഴ്ച ഐടി പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ഒരുവിഭാഗം സ്കൂൾ അധ്യാപകരോടു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സബ്ജക്ട് റിസോഴ്സ് ഗ്രൂപ്പുകളിലുൾപ്പെട്ട (എസ്ആർജി) അധ്യാപകരാണ് അടുത്ത 23, 24, 25 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കേണ്ടത്.
സർവശിക്ഷാ അഭിയാന്റെ (എസ്എസ്എ) ആഭിമുഖ്യത്തിൽ 25 മുതൽ 28 വരെ മറ്റൊരു അധ്യാപക പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അധ്യാപകർക്കും ഐടിയിൽ അവധിക്കാല പരിശീലന പരിപാടി നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് എസ്ആർജി പരിശീലനം സംഘടിപ്പിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലാണു വിവിധ വിഷയങ്ങളിലെ അധ്യാപകർക്കുള്ള പരിശീലനം.
സംസ്ഥാനത്തു പത്തു കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളിൽ റിസോഴ്സ് ഗ്രൂപ്പുകളിലെ അധ്യാപകർ നിർബന്ധമായും പങ്കെടുക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ സർക്കുലർ നിർദേശിക്കുന്നു. ഐടി അറ്റ് സ്കൂളിന്റെ വിവിധ പരിശീലന പരിപാടികൾ ഞായറാഴ്ചകളിൽ നടത്തുന്നതിനെതിരേ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.കഴിഞ്ഞ ജൂലൈയിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കേണ്ട ‘ഹായ് കുട്ടിക്കൂട്ടം’പരിപാടി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചത് ഞായറാഴ്ചകളിലാണ്.
ഉപജില്ലാ, റവന്യൂ ജില്ലാ കലോത്സവങ്ങളും കായികമേളകളും ഞായറാഴ്ചകളിൽ സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ (ബിആർസി) മേൽനോട്ടത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ വീടുകളിലെത്തി പരിശീലിപ്പിക്കുന്ന പ്രതിഭാകേന്ദ്രങ്ങളുടെ പരിപാടികൾ ഞായറാഴ്ചകളിൽ നടത്തുന്നതിനെതിരേയും പരാതികൾ ഉയരുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇംഗ്ലീഷ് എസ്ആർജിയിൽ ഉൾപ്പെട്ട അധ്യാപകർക്കു ഐടി അറ്റ് സ്കൂൾ പരിശീലന പരിപാടി നടത്തി.
സർക്കാർ നയമാണോയെന്നു വ്യക്തമാക്കണം: കെസിബിസി
കൊച്ചി: ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ നടപടികൾ സർക്കാർ നയത്തിന്റെ ഭാഗമാണോയെന്ന് അധികൃതർ വ്യക്തമാക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, ജനറൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ ആവശ്യപ്പെട്ടു. ലോകമെങ്ങുമുള്ള ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്ന മാർച്ച് 25നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന അധ്യാപക പരിശീലന പരിപാടികൾ മാറ്റിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.