ലക്നോ: എല്ലാവരെയും ഒരുപോലെ കാണുന്ന സർക്കാരാണ് തന്റേതെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന യോഗി ആദിത്യനാഥിന്റെ നാട്ടിൽ ദളിത് പെൺകുട്ടിയെ ജാതിയുടെ പേരിൽ അപമാനിച്ച് അധ്യാപിക.
മുസഫർനഗറിലെ സനാതൻധർമ സ്കൂളിലാണ് സംഭവം. മുൻനിരയിലെ ബെഞ്ചുകളിൽ ഒന്നിലിരുന്ന 13 വയസുകാരിയോട് ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽവച്ച് അധ്യാപിക ജാതി ഏതാണെന്ന് ചോദിക്കുകയും ഇതിനു ശേഷം ഏറ്റവും പുറകിലെ ബെഞ്ചിൽ പോയിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ജാതി പറയാൻ മടിച്ചു നിന്ന പെൺകുട്ടിയോട് ഉറക്കെപറയാൻ ആവശ്യപ്പെട്ട അധ്യാപിക ദേഷ്യപ്പെട്ടാണ് പെൺകുട്ടിയെ പുറകിലെ ബെഞ്ചിലേക്ക് പറഞ്ഞയച്ചത്.
തിരികെ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുകയും അവർ അധ്യാപികയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിനെ സമീപിക്കുയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തു.
സംഭവത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. മകളുടെ സഹപാഠികളോട് താൻ ഇതേക്കുറിച്ച് അന്വേഷിച്ചെന്നും സംഭവം വാസ്തവമാണെന്ന് വ്യക്തമായെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അധ്യാപികയ്ക്കെതിരെ ഇനി നടപടിയെടുക്കാൻ വൈകരുതെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. അതേസമയം ആരോപണം സ്കൂൾ പ്രിൻസിപ്പൽ നിഷേധിച്ചു. കുട്ടി മുൻനിരയിലിരുന്ന് മറ്റ് കുട്ടികളോട് സംസാരിച്ചതിനേത്തുടർന്നാണ് പിൻനിരയിലെ ബെഞ്ചിലേക്ക് അധ്യാപിക മാറ്റിയിരുത്തിയതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. അച്ചടക്കലംഘനം കാണിക്കുന്ന കുട്ടികളെ ഇങ്ങനെ മാറ്റി ഇരുത്താറുണ്ടെന്നും അവർ പറഞ്ഞു.