കോഴിക്കോട്: ലോക്ക്ഡൗൺ നിലവിലിരിക്കെ ദിവസ, കരാർ ജീവനക്കാരെ പിരിച്ചുവിടരുതെന്ന കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന ലേബർ കമ്മീഷന്റെയും ഉത്തരവിന് പുല്ലുവില . സംസ്ഥാനത്തെ 2500 റിസോഴ്സ് അധ്യാപകരെയാണ് മാർച്ച് 31 ന് പിരിച്ചുവിട്ടത്.
20 വർഷത്തോളമായി ഡിപിഇപി, എസ്എസ്എ ,ഐഇഡിഎസ്എസ്, ആർഎംഎസ്എ , എസ്എസ്കെ സ്കീമുകളിലും പ്രോജക്ടുകളിലുമായി കരാറാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ് ഇത്രയും റിസോഴ്സ് അധ്യാപകർ.
നിലവിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) പദ്ധതിയിൽ നിയമിക്കപ്പെട്ട റിസോഴ്സ് അധ്യാപകരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്.
12 മാസത്തേക്കുള്ള പദ്ധതി വിഹിതമാണ് കേന്ദ്ര മാനവ ശേഷി മന്ത്രാലയം എസ്എസ്കെയ്ക്ക് അനുവദിക്കുന്നത് .ഇതനുസരിച്ച് മാർച്ച് 31 ന് പിരിച്ച് വിട്ട് ഏപ്രിൽ രണ്ടിന് അധ്യാപകർക്ക് പുനർനിയമനം നൽകാമെന്ന് ചൂണ്ടി ക്കാണിക്കപ്പെടുന്നു .
എസ്എസ്കെയ്ക്ക് കീഴിലുള്ള സംസ്ഥാനത്തെ ഓട്ടിസം സെൻററുകളിലെ 150 ഓളം റിസോഴ്സ് അധ്യാപകർ, ആയമാർ എന്നിവരെ ഏപ്രിൽ രണ്ടിന് പുനർ നിയമിക്കണമെന്ന് സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ലോക്ക്ഡൗൺ കാരണം ഓട്ടിസം സെന്ററുകൾ അടച്ചിട്ടിരിക്കയാണ്.
2019 -20 സാമ്പത്തിക വർഷം കേന്ദ്ര മാനവശേഷി മന്ത്രാലയം റിസോഴ്സ് അധ്യാപകർക്ക് 12 മാസത്തേക്ക് നിയമന അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത് പത്തുമാസമാണ് നിയമനം നൽകിയത്.
അധ്യാപകർക്ക് നൽകാതിരുന്ന രണ്ടുമാസത്തെ വേതനം 2020 ഏപ്രിലിലെ വേതന ഫണ്ടായി ഉപയോഗിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി എസ്എസ് കെ അധികൃതർ പറഞ്ഞിരുവത്രെ. അധ്യാപകരുടെ വേതന വിതരണത്തിന് മാറ്റിവച്ച ഫണ്ട് വകമാറ്റി ചെലവഴിക്കാനാണ് സാഹചര്യമൊരുങ്ങുന്നതെന്ന് അധ്യാപകർ ചൂണ്ടി കാട്ടി.
മാർച്ച് 31 ന് പിരിച്ചുവിട്ടെങ്കിലും ലോക്ക്ഡൗണിൽ പ്രയാസത്തിൽ കഴിയുന്ന ഭിന്നശേഷി കുട്ടികൾക്ക് റിസോഴ്സ് അധ്യാപകരുടെ സേവനം ഉറപ്പാക്കണമെന്ന വിചിത്ര ഉത്തരവ് ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടർ ഇറക്കിയതും വിവാദമായിരുന്നു .
മുഖ്യമന്ത്രിയുടെ ലോക്ക്ഡൗൺ സമാശ്വാസ വാർത്താസമ്മേളനം റിസോഴ്സ് അധ്യാപകരുടെ കാര്യത്തിൽ പൊയ്മുഖമാണെന്ന് തെളിഞ്ഞെന്നാണ് അധ്യാപകരുടെ ആരോപണം. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുകയാണ് റിസോഴ്സ് അധ്യാപകരുടെ പ്രവർത്തനം.
ഭിന്ന ശേഷി കുട്ടികളുടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ സേവനം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, ബിആർസികൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാന്പ്, ഉപകരണ വിതരണം, ചങ്ങാതിക്കൂട്ടം, പരിഹാര ബോധന പരിപാടികൾ ,സഹവാസ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ റിസോഴ്സ് അധ്യാപകരാണ് നിർവഹിക്കുന്നത്.
പത്തുവർഷം പൂർത്തീകരിച്ച റിസോഴ്സ് അധ്യാപകർക്ക് സ്ഥിര നിയമനം നൽകണമെന്ന് 2016 ജൂൺ 30 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു .കോടതിവിധിക്കെതിരെ അപ്പീൽ സമർപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.