മുക്കം: മലയാള ഭാഷാ പഠന ചട്ടങ്ങളിലെ നിർദേശങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പത്താംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നിർദേശം. കഴിഞ്ഞ അക്കാദമിക വർഷത്തിൽ നടത്തിയത് പോലെ ഇത്തവണയും ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ മൂന്ന് മാസത്തിനകം ഇത് സംബന്ധമായി പരിശോധിച്ച് ഉറപ്പു വരുത്തി റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കണം.
പ്രസ്തുത പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ പരിശോധന നടത്തി വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം.
സംസ്ഥാന സിലബസ് പിന്തുടരുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമേ സിബിഎസ്ഇ, സിഐഎസ് സിഇ, സൈനിക് സ്കൂൾ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളിലും നിർബന്ധമായി പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. ഇത്തരം വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കുന്നതിന് എസ് സിഇആർടി തയാറാക്കിയ പാഠപുസ്തകം യഥാസമയം ലഭ്യമാക്കാൻ അതാണ് വിദ്യാഭ്യാസ ഓഫിസർമാർ നടപടി സ്വീകരിക്കണമെന്നും സമയബന്ധിതമായി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.