റാന്നി : സ്കൂൾ കെട്ടിടത്തിന്റെ ക്ലാസ്മുറികൾ പെയിന്റ് ചെയ്ത് നാടിന് മാതൃകയായ അധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി രാജു എബ്രഹാം എംഎൽഎ നേരിട്ടെത്തി.
റാന്നി പെരുനാട് ഗവൺമെന്റ് എൽപി സ്കൂളിൽ എത്തിയാണ് അധ്യാപകരെ എംഎൽഎ അഭിനന്ദിച്ചത്. എംഎൽഎയോടൊപ്പം മന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ അഭിനന്ദനം അറിയിക്കാൻ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അജിത് കുമാറും തിരുവനന്തപുരത്തുനിന്ന് എത്തിച്ചേർന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, സർവശിക്ഷാ അഭിയാൻ കോ-ഓർഡിനേറ്റർ രാജേഷ് വള്ളിക്കോട്, ബിആർസി റാന്നി കോ-ഓർഡിനേറ്റർ ബിനു കെ. സാം എന്നിവരും സ്കൂളിലെത്തി അധ്യാപകരെ അഭിനന്ദിച്ചു.
ക്ലാസ്മുറികൾ പെയിന്റ് ചെയ്യാൻ ഫണ്ട് കണ്ടെത്താത്ത സാഹചര്യത്തിലാണ് സ്കൂളിലുണ്ടായിരുന്ന 12000 രൂപയും അധ്യാപകരും അനധ്യാപകരും ശേഖരിച്ച പണവും ഉപയോഗിച്ച് ഇവർ ക്ലാസുകൾ വൃത്തിയാക്കിയത്.