നിലന്പൂർ: തേക്ക് തോട്ടങ്ങളിൽ നിന്ന് ഡിപ്പോകളിൽ എത്തിയ തടികൾ അട്ടിവെയ്ക്കാനാകാത്ത അവസ്ഥയിൽ. സർക്കാരിന് ഓരോ മാസവും കോടികളുടെ വരുമാനം ലഭിച്ചിരുന്ന വനം വകുപ്പിന്റെ തടിഡിപ്പോകളിലെ തേക്കുതടികളുടെ വിൽപ്പന കൊറോണയുടെ ഭാഗമായി നടപ്പിലാക്കിയ ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്നു.
കോടികൾ മുടക്കി സർക്കാർ തേക്കു തടികൾ ലേലത്തിലെടുത്ത വ്യാപാരികളും തടികൾ വിറ്റഴിക്കാനാകാതെ പ്രതിസന്ധിയിലായി. പാലക്കാട് ടിന്പർ ഡിവിഷന് കീഴിലുള്ള നിലന്പൂർ, നെടുങ്കയം ഡിപ്പോകളിലായി 10,000 ഘനമീറ്ററോളം തടികളാണ് കെട്ടിക്കിടക്കുന്നത്.
ലോക് ഡൗണിന് ശേഷം ഏപ്രിൽ 15 മുതൽ ലേലം പുനരാംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തേക്ക് വ്യാപാരികളും വനം വകുപ്പ് അധികൃതരും. എന്നാൽ മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടിയതോടെ വീണ്ടും തേക്ക് ലേലങ്ങൾ നീളുകയാണ്.
നിലന്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ എടവണ്ണ റെയ്ഞ്ചി ലെ എടക്കോട് സ്റ്റേഷൻ പരിധിയിലെ 1957 കുറ്റിമണ്ണ, 1957 പാലക്കടവ് തേക്കു പ്ലാൻന്േറഷനുകളിൽ നിന്നുമായി 2300 ഘനമീറ്ററോളം തേക്ക് ഉൾപ്പെടെയുള്ള തടികൾ അട്ടിവെയ്ക്കാതെ ഡിപ്പോയിൽ ഇറക്കിയിട്ടിരിക്കുകയാണ്.
കൂടാതെ നിലന്പൂർ ചാത്തംപുതുവായി 1944 തേക്കു പ്ലാന്റേഷനിലെ 500 ഘനമീറ്റർ തേക്ക് തടികൾ ലേലം നിലച്ചതോടെ ഡിപ്പോയിൽ കെട്ടികിടക്കുന്നുമുണ്ട്. മാസത്തിൽ ഓരോ ഡിപ്പോകളിലും നാലു മുതൽ ആറു വരെ ലേലങ്ങൾ നടന്നിരുന്നു.
ഈ രണ്ട് ഡിപ്പോകളിൽ നിന്നായി പ്രതിമാസം 10 കോടിയോളം രൂപ സർക്കാർ ഖജനാവിലേക്ക് വന്നിരുന്നതാണ് ലോക് ഡൗണോടെ മുടങ്ങിയത്.