കൊച്ചി: കഠിന പ്രയത്നത്തിനും ആത്മവിശ്വാസത്തിനും മറ്റൊരു പേരുണ്ടെങ്കില്‍ അതിനെ ബംഗളൂരു എഫ്സി എന്ന് വിളിക്കാനാകും. തുടക്കക്കാരുടെ യാതൊരു പതറലുമില്ലാതെ ഇന്ത്യന്‍ മണ്ണില്‍ ചരിത്രം തിരുത്തുയെഴുതിയവരാണ് ബംഗളരൂവിന്റെ നീലപ്പട. പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ക്ലബ്ബുകള്‍ വരെ മാറ്റുരയ്ക്കുന്ന ഐ ലീഗിന്റെ കളിത്തട്ടിലേക്കു ബംഗളൂരു എത്തുന്നത് 2013ല്‍ മാത്രമാണ്.
അഞ്ചു വര്‍ഷമെത്തുമ്പോള്‍ രണ്ടു ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷന് കപ്പും സ്വന്തമാക്കിയാണ് ഐഎസ്എലിലേക്കു ചുവടു മാറി ടീം എത്തുന്നത്. സാഹചര്യങ്ങളും രീതികളും മാറിയെങ്കിലും കഠിന പ്രയ്തനം കൈമുതലാക്കി ബംഗളൂരു എത്തുമ്പോള്‍ ഐഎസ്എല്‍ നാലാം അങ്കത്തില്‍ പൊടു പാറുമെന്നുറപ്പ്.
എഎഫ്സി ഫൈനല്‍ കളിച്ച ഇന്ത്യൻ ക്ലബ്
ഇന്ത്യയില്‍ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാനാകാത്ത റിക്കാര്‍ഡുമായാണു ബംഗളൂരു എഫ്സി ഐഎസ്എല്‍ അരങ്ങേറ്റത്തിനു തയാറെടുക്കുന്നത്. എഎഫ്സി കപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ച ആദ്യ ഇന്ത്യന്‍ ക്ലബ്ബാണു ബംഗളൂരു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഏഷ്യയില്‍ ഇന്ത്യയുടെ പോരാട്ട വീര്യം പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു നീതികരിക്കാനാവുന്ന ആ തോല്‍വി. അരങ്ങേറിയ ഐ ലീഗില്‍ തന്നെ കീരീടമുയര്ത്തിയതിന്റെ ആത്മവിശ്വാസം ഐഎസ്എലില്‍ തുടക്കക്കാരെന്നുള്ള പോരായ്മകളെ മറികടക്കാന്‍ ബംഗളൂരുവിനെ സഹായിക്കും.
കരുത്തുറ്റ മധ്യനിര
ഐഎസ്എലില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ശക്തി മധ്യനിരയില്‍ ആവാഹിച്ചാണു ബംഗളൂരു കളം പിടിക്കാന്‍ എത്തുന്നത്. സ്പാനിഷ് ദ്വയങ്ങളായ ദിമാസ് ഡെല്‍ഗാഡോയും എഡ്വാര്‍ഡോ ഗാര്‍സിയ മാര്‍ട്ടിനും അണിനിരക്കുന്ന മധ്യനിര സുന്ദരമായ കരുനീക്കങ്ങള്‍ നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇരുപത്തിയൊന്നുകാരനാണെങ്കിലും വേഗവും തന്ത്രവും സമന്വയിപ്പിച്ചു കുതിക്കുന്ന ഉദാന്ത സിംഗും ലെന്നി റോഡിഗ്രസും ചേരുമ്പോള്‍ മിഡ്ഫീല്‍ഡില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം.
സ്പെയിനിലാണ് ഒരുക്കം
ഐഎസ്എലില്‍ അരങ്ങേറുന്നതിനു മുന്‍പ് ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാനായി പരിശീലകന് ആല്‍ബര്‍ട്ട് റോക്കയുടെ നാടായ സ്പെയിനിലേക്കാണ് നീലപ്പട പറന്നത്. എന്നാല്‍, കളിച്ച മൂന്നു കളികളിലും ഇന്ത്യന്‍ കരുത്തര്‍ക്കു തോല്‍വി പിണഞ്ഞു. ഇതിനു ശേഷം ഇന്ത്യയില്‍ കളിച്ച ആറു മത്സരങ്ങളില്‍ നാലിലും ടീം വിജയിച്ചു. രണ്ടു കളികള്‍ സമനിലയിലും കലാശിച്ചു. ഐ ലീഗും ഐഎസ്എലും നേര്‍ക്കുനേര്‍ എന്നു ഖ്യാതി നേടി സൗഹൃദ മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഒരു കളിയില്‍ വിജയം നുകര്‍ന്നപ്പോള്‍ മറ്റൊന്നു സമനിലയിലുമായി. ഇതിനിടെ എഎഫ്സി കപ്പിലെ നാലു മത്സരങ്ങളിലും ബംഗളൂരുവിന്റെ പടയാളികള്‍ ബൂട്ടണിഞ്ഞു.
തന്ത്രങ്ങളുടെ രാജകുമാരന്
ആഷ്ലി വെസ്റ്റ്വുഡ് എന്ന വിജയത്തിന്റെ കപ്പലേറ്റിയ പരിശീലകനെ മാറ്റി ബംഗളൂരു കഴിഞ്ഞ വര്‍ഷമാണ് സ്പെയിനില്‍ നിന്നുള്ള ആല്‍ബര്‍ട്ട് റോക്കയെ ആ സ്ഥാനത്തു കൊണ്ടു വന്നത്. റോക്കയുടെ കീഴിലാണ് 2016 എഎഫ്സി കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ കളിച്ചത്. എന്നാല്‍, ആദ്യ ഐ ലീഗില്‍ റോക്കയ്ക്കു കാലിടറിയപ്പോള്‍ ബംഗളൂരുവിനു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
പക്ഷേ, ഈ വര്‍ഷത്തെ ഫെഡറേഷന് കപ്പില്‍ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ബംഗളൂരു കപ്പുയര്‍ത്തിയതോടെ റോക്കയ്ക്കും ആശ്വാസമായി. ലാ ലീഗയിലെ കരുത്തന്മാരായ ബാഴ്സലോണയുടെ സഹ പരീശീലകനായി സേവനം അനുഷ്ഠിച്ചതിന്റെ അനുഭവ സമ്പത്താണ് റോക്കയെ മറ്റെല്ലാവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്.
ഛേത്രിയുടെ തേരില്‍
ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയുടെ തേരിലാണ് ബംഗളൂരുവിന്റെ ഓരോ മുന്നേറ്റവും. വിദേശ കരുത്തിനെ കൂടുതല്‍ ആശ്രയിക്കാതെ മികച്ച ഇന്ത്യന്‍ താരങ്ങളെ പാളയത്തിനെത്തിച്ചാണ് നീലപ്പട ഒരുങ്ങുന്നത്. ഛേത്രിക്കൊപ്പം രാഹുല്‍ ഭേക്കേ, റോബിന്‍സണ്‍ സിംഗ്, ബിദ്യാനനന്ദ സിംഗ്, ഹര്‍മന്‍ജോട്ട് ഘാബ്ര തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളും മികവ് തെളിയിച്ചവരാണ്. ഇവര്‍ക്കൊപ്പം യുവാന്‍ ആന്റോണിയോ ഗോണ്‍സാല്‍വസ്, എറിക് ബര്താലു എന്നിവരും ചേരുമ്പോള്‍ ബംഗളൂരു സ്ട്രോംഗാകുന്നു.
ബിബിൻ ബാബു