അഡ്ലെയ്ഡ്: മൂന്നാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി കൃത്യസമയത്ത് ബസിൽ കയറാതെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. അഡ്ലെയ്ഡിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാനുള്ള ബസ് ജയ്സ്വാളില്ലാതെയാണു പുറപ്പെട്ടത്.
ജയ്സ്വാളിനായി ക്യാപ്റ്റൻ രോഹിത് ശർമയും ടീം അംഗങ്ങളും ബസിൽ കാത്തിരുന്നു. എന്നാൽ യുവ ഓപ്പണർക്ക് സമയത്ത് എത്താൻ സാധിച്ചില്ല. തുടർന്ന് ബസ് ജയ്സ്വാളിനെ കൂടാതെ വിമാനത്താവളത്തിലേക്കു വിട്ടു.
20 മിനിറ്റോളം വൈകിയാണ് ജയ്സ്വാൾ ഹോട്ടൽ ലോബിയിലെത്തിയത്. അപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് ഹോട്ടലിലെ കാറിൽ കയറിയാണ് ജയ്സ്വാൾ വിമാനത്താളത്തിലേക്കു പോയത്.
10 മണിക്കുള്ള വിമാനത്തിൽ കയറുന്നതിനായി രാവിലെ 8.30നാണ് ഇന്ത്യൻ ടീം ഹോട്ടൽ വിട്ടത്. താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വേണ്ടി രണ്ടു ബസുകളാണ് തയാറാക്കിയിരുന്നത്. എന്നാൽ സമയത്ത് എത്താതിരുന്നതോടെ ജയ്സ്വാളിന് രണ്ടു ബസുകളിലും കയറാൻ സാധിച്ചില്ല.
ജയ്സ്വാൾ വൈകിയതിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഹോട്ടലിനു പുറത്തു കാത്തുനിന്നിരുന്ന കാറിൽ യശസ്വി ജയ്സ്വാളിനായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.
ഹോട്ടൽ ലോബിയിലെത്തിയപ്പോഴാണ് ബസ് പോയ കാര്യം ജയ്സ്വാൾ അറിയുന്നത്. ടീം ബസ് വിട്ടതോടെ താരത്തിനായി ടീം മാനേജ്മെന്റ് കാർ ഒരുക്കിയിരുന്നു.
14ന് ബ്രിസ്ബെയ്നിലാണ് ഇന്ത്യ ഓസ്ട്രേലിയ പരന്പരയിലെ മൂന്നാം മത്സരം. അഞ്ചു ടെസ്റ്റുകളുടെ പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇരുടീമുകളും ഒന്നു വീതം ജയിച്ചതോടെ ഒപ്പത്തിനൊപ്പമാണ്.