ഏകദിന ലോകകപ്പ് ക്രിക്കറ്റിന് 11 ദിനങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ടീം അംഗങ്ങൾ ഉല്ലാസത്തിൽ. ഐപിഎൽ ട്വന്റി-20യുടെ തീച്ചൂളയിൽനിന്ന് പുറത്തുകടന്ന താരങ്ങൾക്കായി ടീം ക്യാന്പും ഫിറ്റ്നസ് ട്രെയ്നിംഗും ആവശ്യമില്ലെന്ന് ബിസിസിഐ തീരുമാനിച്ചതോടെയാണിത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽനിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിരുന്നു. വൈസ് ക്യാപ്റ്റനായ രോഹിത് ശർമയും ഭാര്യയും മാലദ്വീപിലാണെന്ന് അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങൾ വ്യക്തമാക്കി. സ്പിന്നറായ യുസ്വേന്ദ്ര ചാഹൽ ഗോവയിലാണ്. ഐപിഎൽ കഴിഞ്ഞുള്ള സമയം റിലാക്സ് ചെയ്യാനാണ് താരങ്ങളോട് ഇന്ത്യൻ ടീം അധികൃതർ ആവശ്യപ്പെട്ടത്. കാരണം, വീണ്ടുമൊരു ക്യാന്പ് നടത്തി കളിക്കാരെ മാനസികമായി സമ്മർദത്തിലാക്കേണ്ടെന്നതുതന്നെ.
ബുധനാഴ്ചയാണ് ഇന്ത്യൻ ടീം ലണ്ടനിലേക്ക് യാത്രതിരിക്കുന്നത്. ഉല്ലാസദിനങ്ങൾക്കുശേഷം 21ന് മുംബൈയിൽ ടീം അംഗങ്ങൾ ഒത്തുചേരും. ഇന്നത്തോടെ കളിക്കാർ ഉല്ലാസവേള കഴിഞ്ഞ് തങ്ങളുടെ വീടുകളിൽ എത്തുമെന്നാണ് ടീം മാനേജ്മെന്റിൽനിന്നുള്ള റിപ്പോർട്ട്.
അതേസമയം, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ടും ഇന്ത്യയുടെ ചിരവൈരികളായ പാക്കിസ്ഥാനും ഏകദിന പരന്പര കളിക്കുകയാണിപ്പോൾ. വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, അയർലൻഡ് എന്നിവ ത്രിരാഷ്ട്ര പരന്പരയിലാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവ ഈ മാസം തുടക്കത്തിൽ പരിശീലന മത്സരങ്ങൾ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ ക്യാന്പ് നടക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ ക്യാന്പ് ദക്ഷിണാഫ്രിക്കയിലാണ്.
25ന് ന്യൂസിലൻഡിനെതിരേ ഇന്ത്യ പരിശീലന മത്സരം കളിക്കും. തുടർന്ന് 28ന് ബംഗ്ലാദേശിനെതിരേയും. ജൂണ് അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.