കൂത്തുപറമ്പ്: മായം കലർന്ന വെല്ലവും വെളിച്ചെണ്ണയും വിപണിയിൽനിന്നു പിടികൂടിയതിന് പിന്നാലെ ചായപ്പൊടിയിലും വ്യാപകമായി മായം കലർത്തിയതായി കണ്ടെത്തി. കൂത്തുപറമ്പ് നഗരത്തിലെ ഒട്ടേറെ ചായക്കടകളിലും ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മായംകലർന്ന ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ മുപ്പതോളം കടകളിൽ പരിശോധന നടത്തിയിരുന്നു. ഇവയിൽ പല കടകളിൽനിന്നും ചായപ്പൊടിയുടെ സാമ്പിൾ എടുത്ത് ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽത്തന്നെ ചായപ്പൊടിയിൽ കൃത്രിമനിറങ്ങൾ ചേർത്തതായി സംശയമുയർന്നു.
ചായപ്പൊടി കോഴിക്കോട്ടെ റീജണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ അയച്ചു നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട കൃത്രിമ വർണവസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ടാർ ടാറിൻ എന്നിവ ചേർത്തതായി കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം യാതൊരു കാരണവശാലും ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ലാത്ത നിറമാണിവ. ഗുണനിലവാരം കുറഞ്ഞ ചായപ്പൊടികളും ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പൊടികളും ശേഖരിച്ച് കൊണ്ടുപോയി കേരളത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിൽ സിന്തറ്റിക്ക് വർണവസ്തുക്കൾ, രുചിവർധക വസ്തുക്കൾ എന്നിവ ചേർത്താണ് ഇത്തരം ചായപ്പൊടികൾ വിപണിയിൽ എത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം മായംകലർന്ന ചായ തുടർച്ചയായി കുടിച്ചാൽ കുടലിൽ കാൻസർ, അലർജി, മൈഗ്രേയ്ൻ, തൈറോയ്ഡ് കാൻസർ, ഡിപ്രഷൻ, കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി എന്നീ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന് ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കുന്നു. ചെറിയ തുകയ്ക്ക് ലഭിക്കുന്ന ഇത്തരം ചായപ്പൊടികൾ ഉപയോഗിച്ചാൽ മായമില്ലാത്ത ചായപ്പൊടികൾ ഉപയോഗിച്ച് തയാറാക്കുന്നതിന്റെ ഇരട്ടിയിലധികം ചായ ഉണ്ടാക്കാനാകുമെന്നതാണ് ചില വ്യാപാരികൾ ഇത്തരം ചായപ്പൊടികൾ ഉപയോഗിക്കാനുള്ള മുഖ്യകാരണം. കൂടാതെ ഇത്തരം ചായ ഒരു തവണ കുടിച്ചാൽ വീണ്ടും കുടിക്കാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യുമത്രെ.
മായം കലർന്നതായ ചായപ്പൊടി വില്ക്കരുതെന്ന് വ്യാപാരികൾക്ക് കർശന നിർദേശം നല്കിയതായും തുടർന്നും ഇവ വില്ക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ, വി.പി. ബാബു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനീഷ്, പി. ബാബു, എം. ഹനീഷ എന്നിവരായിരുന്നു കടകളിൽ പരിശോധന നടത്തിയത്.