കടുത്തുരുത്തി: പോലീസ് ചികിത്സയ്ക്കെത്തിച്ച രോഗിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനു കണ്ണീർപ്പൂക്കളുമായി ജന്മനാട്. ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണു മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. ബന്ധുമിത്രാദികൾ, മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വന്ദന പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകർ തുടങ്ങി നിരവധിപ്പേർ വീട്ടിലെത്തി.
അക്ഷരാർഥത്തിൽ മുട്ടുചിറ എന്ന ഗ്രാമം കണ്ണീർക്കടലായി മാറി. ഒരു തേങ്ങലായി, നൊന്പരപ്പെടുത്തുന്ന ഓർമയായി നാടിന്റെ മനസിൽ ആ പെൺകുട്ടി എന്നുമുണ്ടാകും.
വന്ദന, എല്ലാവർക്കും പ്രിയപ്പെട്ട പെൺകുട്ടി
നാടിനു നൊമ്പരമായി ഡോ. വന്ദന ദാസിന്റെ മരണം. ഏറേ പ്രതീക്ഷയോടെ പഠിപ്പിച്ചു ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാവാതെ നെഞ്ചുപിടയുന്ന അവസ്ഥയിലാണു വന്ദനയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും.
വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണ് മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. കള്ളു ഷാപ്പു കോണ്‍ട്രാക്ടറായ മുട്ടുചിറ നമ്പിച്ചിറക്കാലയില്‍ ടി.ജി. മോഹന്‍ദാസിന്റെയും – വസന്തകുമാരി (ബിന്ദു) യുടെയും ഏക മകളാണ് വന്ദന (23).
പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന വന്ദന നസ്രത്തുഹില്‍ ഡി പോള്‍ സ്കൂളിലായിരുന്ന പത്താം ക്ലാസും പ്ലസ്ടു വും പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് എംബിബിഎസ് പഠനത്തിനായി കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടി.
കഴിഞ്ഞവര്‍ഷം വന്ദനയുടെ എംബിബിഎസ് പഠനം പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് മോഹന്‍ദാസ് വീടിന്റെ ഗേറ്റിൽ ഡോ. വന്ദന ദാസ് എംബിബിഎസ് എന്ന ബോര്‍ഡ് സ്ഥാപിക്കുന്നത്. വീട്ടില്‍ ഇതിന്റെ ആഘോഷവും നടത്തിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്തുവരികയായിരുന്നു വന്ദന. അറിയുന്നവര്‍ക്കെല്ലാം വന്ദനയെക്കുറിച്ചു പറയാനുണ്ടായിരുന്നതു നല്ലതു മാത്രമായിരുന്നു.
പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്ന വന്ദന, പെരുമാറ്റത്തിലും മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ഏക മകളായിരുന്നതിനാല്‍ മാതാപിതാക്കള്‍ ലാളിച്ചാണു വളര്‍ത്തിയതെങ്കിലും വന്ദന, യാതൊരുവിധ അസ്വസ്ഥതകളും രക്ഷിതാക്കള്ക്കുണ്ടാക്കിയിരുന്നില്ല. പഠനം പൂര്‍ത്തിയായതോടെ മകളുടെ ഇഷ്ടമറിഞ്ഞു വിവാഹലോചനകള്ക്കും രക്ഷിതാക്കള്‍ ആരംഭം കുറിച്ചിരുന്നു.
എംബിബിഎസ് പഠനകാലത്ത് അവധിയുള്ളപ്പോള്‍ മാതാപിതാക്കള്‍ കാറുമായി കൊല്ലത്തെത്തിയാണ് മകളെ വീട്ടിലേക്കു കൊണ്ടുവന്നിരുന്നത്. അവധി കഴിഞ്ഞ് തിരികെ കോളജില്‍ കൊണ്ടുവിടുന്നതും ഇരുവരും ചേര്‍ന്നായിരുന്നു.
വീട്ടില്‍ വരാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ മോഹൻദാസും ബിന്ദുവും കൊല്ലത്തു ചെന്നു മകളെയും കൂട്ടി പുറത്തുപോകുമായിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു.
തങ്ങളുടെ ജീവനായി കരുതി വളര്‍ത്തിയ ഏകമകളുടെ വിയോഗം ഇരുവര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മകളുടെ ജീവനറ്റ ശരീരം ഇന്നലെ രാത്രിയോടെ വീട്ടിലേക്കെത്തിച്ചപ്പോള്‍ ഹൃദയം മുറിഞ്ഞുനിൽക്കുന്ന മാതാപിതാക്കളെ ഏങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വീട്ടിലുണ്ടായിരുന്നവരും വിതുമ്പുന്നതു കാണാമായിരുന്നു.