മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
അക്വാബാ(ജോര്‍ദ്ദാന്‍): വിമാനങ്ങളെ വെടിവച്ചിടുന്ന ആന്റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍, കോംബാറ്റ് ഹെലികോപ്റ്റർ, ടാങ്കുകൾ, ട്രൂപ്പ് കാരിയേഴ്സ്, മിലിട്ടറി ആംബുലൻസ്, മിലിട്ടറി ക്രെയിൻ തുടങ്ങിയ സൈനിക ആയുധങ്ങളും വാഹനങ്ങളും തഴുകി കടലിലൂടെ നീന്തിനടക്കാന്‍ ആഗ്രഹമുണ്ടോ?
ഇങ്ങനെയുള്ള അതിസാഹസികരെ ലക്ഷ്യമാക്കി കടലിനടിയില്‍ സൈനിക മ്യൂസിയം തുടങ്ങിയിരിക്കുകയാണ് ജോര്‍ദാൻ. ചെങ്കടലില്‍ അക്വാബ മേഖലയിലാണ് ഈ വിസ്മയം.
സമുദ്രോപരിതലത്തില്‍നിന്ന് 28 മീറ്റര്‍ താഴ്ചയിലുള്ള വലിയൊരു പവിഴപ്പുറ്റിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.
30 ദിവസത്തെ പദ്ധതി തയാറാക്കലിനൊടുവിൽ ഏഴുദിവസംകൊണ്ടാണ് ആയുധങ്ങളും വാഹനങ്ങളും കടലിൽ താഴ്ത്തി മ്യൂസിയമൊരുക്കിയത്. ലോകത്തിലെതന്നെ കടലിനടിയിലുള്ള ആദ്യത്തെ മിലിട്ടറി മ്യൂസിയമാണിത്.
പല കാലഘട്ടങ്ങളിലായി ജോര്‍ദാന്‍ സൈന്യം ഉപയോഗിച്ചശേഷം ഡീ കമ്മീഷന് ചെയ്ത ആയുധങ്ങളും വാഹനങ്ങളുമാണ് കടലിനടിയിലെ ഈ മ്യൂസിയത്തിലുള്ളത്.
യുദ്ധോപകരണങ്ങൾ പത്തൊമ്പതിലധികം വരും. മീനുകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നതിനൊപ്പം കടലിനടിയില്‍ പ്രത്യേകരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സൈനിക ഉപകരണങ്ങൾ തൊട്ടും തലോടിയും വാഹനങ്ങളുടെ അകത്ത് കയറിയുമെല്ലാം ആസ്വദിക്കാം.
കായികവിനോദങ്ങളും ശാസ്ത്രമേഖലയിലെ കൗതുകങ്ങളും മ്യൂസിയത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2019 ജൂലൈ 25നാണ് കടലിനടിയിലെ വിസ്മയ മ്യൂസിയം സഞ്ചാരികള്‍ക്കായി ജോർദാൻ തുറന്ന് നല്‍കിയത്. അണ്ടർവാട്ടർ മിലിട്ടറി മ്യൂസിയം സന്ദർശിക്കാൻ കാണികൾക്ക് സ്കൂബ സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
തീരത്തിനോട് ചേര്‍ന്നുള്ള പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്ന രീതിയില്‍ പരിസ്ഥിതി സൗഹൃദമായാണ് മ്യൂസിയത്തിന്റെ നിര്‍മാണം.
ഈ മ്യൂസിയത്തിലൂടെ “കായിക-പരിസ്ഥിതി പ്രദർശനങ്ങൾ’ സംയോജിപ്പിക്കുകയാണെന്ന് അക്കാബ സ്പെഷൽ ഇക്കണോമിക് സോൺ അഥോറിറ്റി (അസെസ) വിശദീകരിക്കുന്നു.
നല്ല കാലാവസ്ഥയുള്ള അക്വാബ, വർഷം മുഴുവനും സ്കൂബ ഡൈവിംഗിന് അനുയോജ്യമാണ്. തീരപ്രദേശത്ത് 20ലധികം ഡൈവ് സൈറ്റുകളുണ്ട്.
കടലിനടിയിൽ ചെന്നുകഴിഞ്ഞാൽ പല തരത്തിലുള്ള മത്സ്യങ്ങളടക്കമുള്ള ജന്തുജാലങ്ങളെ കാണാനാകും.
500 ഇനം പവിഴപ്പുറ്റുകളും 1,200 ഇനം മത്സ്യങ്ങളും 1,000 ഇനം നട്ടെല്ലില്ലാത്തതും കവചങ്ങളുള്ളതുമായ ജീവജാലങ്ങളും ഇവിടെയുണ്ട്. കടലിനടിയിലെ ഈ മ്യൂസിയം തേടി ലോകമെങ്ങുമുള്ള സാഹസികപ്രിയരായ സഞ്ചാരികൾ ഇവിടെയെത്തുന്നു.
അതേസമയം സ്കൂബാ ഡൈവേഴ്സിന്റെ കടന്നുകയറ്റം പ്രകൃതിനിർമിതമായ പവിഴപ്പുറ്റുകളുടെ ശോഷണത്തിനു കാരണമാകുമെന്ന ആക്ഷേപവും ശക്തമാണ്. ചെങ്കടലിലെ പവിഴപ്പുറ്റുകള്‍ക്ക് മനുഷ്യന്റെ കടന്നുകയറ്റം വന്‍ ഭീഷണിയാണ് ഉണ്ടാക്കുന്നത്.